ചണ്ഡിഗഡ്: ഹരിയാനയിലെ സർക്കാർ സ്കൂളുകളിൽ ഈ വർഷം സ്വാതന്ത്ര്യദിനം മുതൽ ‘ഗുഡ് മോണിങ്’ എന്ന പദം ഉപയോഗിക്കുന്നതിന് പകരം ‘ജയ് ഹിന്ദ്’ പറയണമെന്ന് ഹരിയാന സർക്കാർ തീരുമാനിച്ചു. വിദ്യാർത്ഥികളിൽ ദേശസ്നേഹം വളർത്തുന്നതിന്റെ ഭാഗമായി ആണ് ഈ നീക്കം. സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് ഇതിനായി സർക്കുലർ പുറത്തിറക്കിയതും ആണ്.
വിദ്യാർത്ഥികളിൽ ദേശസ്നേഹവും ദേശീയതയോടുള്ള അഭിമാനവും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മാറ്റം നടപ്പാക്കുന്നത്. ‘ജയ് ഹിന്ദ്’ എന്ന അഭിവാദനം, വിദ്യാർത്ഥികളെ രാജ്യത്തിന്റെ ഐക്യവും സമ്പന്നമായ ചരിത്രത്തോടുള്ള ആദരവും പഠിപ്പിക്കുന്നതിന് സഹായകരമാകും എന്ന് സർക്കുലർ വ്യക്തമാക്കുന്നു.
‘ജയ് ഹിന്ദ്’ എന്ന പദം സ്വാതന്ത്ര്യസമരകാലത്ത് നേതാജി സുഭാഷ് ചന്ദ്ര ബോസ് പ്രചരിപ്പിച്ചതും പിന്നീട് ഇന്ത്യയുടെ സായുധസേന സ്വീകരിച്ചതുമാണ്. ഇത് പ്രാദേശിക ഭാഷാ സാംസ്കാരിക വ്യത്യാസങ്ങൾക്കതീതമായി, വിദ്യാർത്ഥികൾക്ക് ഐക്യവും അച്ചടക്കവും വളർത്താനും ഇന്ത്യയുടെ വികസനത്തിന് പ്രചോദനമേകാനും കഴിയുമെന്നാണ് ഗവൺമെന്റ് വിലയിരുത്തുന്നത്.
എന്നാൽ, ഇത് നിർബന്ധമായും പാലിക്കേണ്ടതല്ല, കേവലം നിർദ്ദേശമാണ് മാത്രമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ദേശീയ മാധ്യമങ്ങളെ അറിയിച്ചു. ‘ഗുഡ് മോണിങ്’ അല്ലെങ്കിൽ ‘ജയ് ഹിന്ദ്’ ഏതെങ്കിലും ഒരു ആശംസാ പദം ഉപയോഗിക്കാം എന്നും, തെറ്റായി പാലിച്ചാലും അതിന് ശിക്ഷ ഉണ്ടാകില്ല എന്നും അവർ കൂട്ടിച്ചേർത്തു.
സമീപകാലത്ത് വിദ്യാർത്ഥികളുടെ ശീലങ്ങൾ മാറ്റുന്നത് എളുപ്പമല്ലെന്നും, ഈ മാറ്റം ഒരു രാത്രികൊണ്ട് നടപ്പിലാക്കാൻ ബുദ്ധിമുട്ടുണ്ടാകുമെന്നുമാണ് സർക്കാർ സ്കൂൾ അധ്യാപകരുടെ സംഘടനയുടെ ജനറൽ സെക്രട്ടറി പ്രഭു സിംഗിന്റെ അഭിപ്രായം. ഹരിയാനയിലെ 14,300 സർക്കാർ സ്കൂളുകളിൽ 23.10 ലക്ഷം വിദ്യാർത്ഥികൾ പഠിക്കുന്നുണ്ടെങ്കിലും, 7,000ത്തോളം സ്വകാര്യ സ്കൂളുകളിലായി സമാനമായ എണ്ണം വിദ്യാർത്ഥികൾ ഉള്ളതിനാൽ, ഈ നിർദ്ദേശം പ്രയോജനപ്രദമാകുമെന്ന് ഗവൺമെന്റ് പ്രതീക്ഷിക്കുന്നു.
