ന്യൂഡൽഹി: ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് മൂന്നാം കക്ഷി ആപ്പുകളുടെ സഹായത്തോടെ ചൈന ഇപ്പോഴും വൻതോതിൽ ഡാറ്റ ചോർത്തുന്നുവെന്നാണ് റിപ്പോർട്ട്. ഗൽവാൻ പ്രദേശത്ത് ചൈനീസ് പട്ടാളത്തിന്റെ കടന്നുകയറ്റ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തുകയും കൊവിഡാനന്തരം ചൈനയുടെ ഡാറ്റ ചോർത്തൽ നടപടികൾ വൻതോതിൽ വർധിക്കുകയും ചെയ്‌തു.
ആരോഗ്യം, ഊർജ വിതരണ സംവിധാനം എന്നിവ അടക്കമുള്ള ഇന്ത്യയുടെ പ്രധാന മേഖലകൾ നിരവധി തവണ ചൈനയിൽ നിന്നുള്ള സൈബർ ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. 2021-ൽ ദേശീയ വൈദ്യുതി ഗ്രിഡുകളിലേക്കുണ്ടായ സൈബർ ആക്രമണവും കഴിഞ്ഞ വർഷം എയിംസിന് നേരെയുള്ള സൈബർ ആക്രമണവും അതിന്റെ ഭാഗമായിരുന്നു. ഇതിന് പിന്നിൽ ചൈനയാണെന്ന് നിഗമനം.
ഡാറ്റ ചോർത്തലുമായി ബന്ധപ്പെട്ട്, ഇന്ത്യ നേരത്തെ TikTok, PUBG, WeChat, UC ബ്രൗസർ, ക്ലബ് ഫാക്ടറി എന്നിവ ഉൾപ്പെടെ 200-ലധികം ചൈനീസ് ആപ്പുകൾ നിരോധിച്ചിരുന്നു. എങ്കിലും ഇപ്പോഴും നാം വ്യാപകമായി ഉപയോഗിക്കുന്ന മൂന്നാം കക്ഷി ആപ്പുകളിലൂടെയും ഡാറ്റ ചോരുന്നുവെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകുന്നത്.
പ്ലേസ്റ്റോറിന് പുറത്ത് നിന്ന് ഡൗൺലോഡ് ചെയ്യുന്ന ആപ്പുകളാണ് കൂടുതൽ അപകടകാരികൾ. പ്ലേസ്റ്റോറിൽ നിന്ന് ലഭിക്കുന്ന ആപ്പുകൾ എല്ലാം സുരക്ഷിതമാണെന്ന് കരുതുന്നതും തെറ്റാണ്. നിരപരാധിത്വം ഉണ്ടെന്നു തോന്നിപ്പിക്കുന്ന നിരവധി ആപ്പുകൾ ചൈന വ്യാപകമാക്കിയതായാണ് റിപ്പോർട്ട്. പ്രശ്നം ഉണ്ടാക്കുന്ന ആപ്പുകൾ ഉപയോഗിക്കുന്നത് ഒഴിവാക്കുക എന്നതാണ് അതിൽ നിന്നുള്ള പരമാവധി സുരക്ഷാ മാർഗം.
CloudSEK-ൽ ഗവേഷകനായ കൗശിക് പാൽ പറയുന്നതനുസരിച്ച്, സുരക്ഷാ സേവനങ്ങളുടെ മറവിൽ പ്രവർത്തിക്കുന്ന ചില സ്വകാര്യ സ്ഥാപനങ്ങൾ രഹസ്യമായി നിരീക്ഷണം നടത്തി ഡാറ്റ ഖനനം നടത്തുന്നതായും, ഈ ഡാറ്റ സർക്കാരുകളിൽ നിന്നും സാധാരണ ജനങ്ങളിൽ നിന്നും ശേഖരിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
