25 കോടിയുടെ ഓണം ബംമ്പര്‍ ആരാണ് നേടുക എന്നറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. 2024-ലെ തിരുവോണം ബംമ്പര്‍ നറുക്കെടുപ്പ് ഇന്ന് നടക്കും. കൂടാതെ, 12 കോടി രൂപ ഒന്നാം സമ്മാനമായുള്ള പൂജാ ബംമ്പറിന്റെ പ്രകാശനവും ഇന്ന് ഉണ്ടായിരിക്കും.
തിരുവനന്തപുരം ഗോര്‍ഖി ഭവനിലാണ് ഉച്ചയ്ക്ക് നറുക്കെടുപ്പ് നടക്കുക. എംഎല്‍എ വി കെ പ്രശാന്തിന്റെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പൂജാ ബംമ്പറിന്റെ പ്രകാശനം നിര്‍വഹിക്കും. ഉച്ചയ്ക്ക് രണ്ടു മണിക്ക് തിരുവോണം ബംമ്പര്‍ നറുക്കെടുപ്പിന്റെ ഒന്നാം സമ്മാനത്തിനായുള്ള നറുക്കെടുപ്പ് ധനമന്ത്രിയും രണ്ടാം സമ്മാനത്തിനുള്ള നറുക്കെടുപ്പ് വി കെ പ്രശാന്ത് എംഎല്‍എയും നിര്‍വഹിക്കും.
72 ലക്ഷം ടിക്കറ്റുകളാണ് ഇന്നലെ വൈകിട്ട് വരെ വിറ്റുപോയത്. 25 കോടി രൂപ ഒന്നാം സമ്മാനവും, 20 പേര്‍ക്ക് ഓരോ കോടി രൂപ വീതമുള്ള രണ്ടാം സമ്മാനവും, 50 ലക്ഷം രൂപ മൂന്നാം സമ്മാനവും, അഞ്ചും രണ്ടും ലക്ഷങ്ങളുള്ള നാലും അഞ്ചും സമ്മാനങ്ങളും 500 രൂപയുടെ അവസാന സമ്മാനവുമാണ് ഈ ബംമ്പറിലൂടെ ലഭ്യമാകുക.
