‘കൈരേഖ’യിലൂടെ മലയാളികളെ പൊട്ടിച്ചിരിപ്പിച്ച അതുല്യ പ്രതിഭ: ശങ്കരാടിയുടെ ഓര്‍മകള്‍ക്ക് 23 വയസ്സ്

ദേ കണ്ടോളൂ…ഇതാണാ രേഖ, എന്റെ കയ്യിലുള്ള രേഖ! മലയാളികള്‍ക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു സിനിമാ ഡയലോഗാണിത്. ഈ ഡയലോഗ് കേൾക്കുമ്പോൾ ആദ്യം നമ്മുടെ മനസിലേക്ക് എത്തുന്നത് നാട്യങ്ങളില്ലാത്ത നടനെന്നറിയപ്പെടുന്ന ശങ്കരാടിയാണ്. അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് ഇന്ന് 23 വർഷം തികയുകയാണ്. ഗ്രാമീണ കഥാപാത്രങ്ങളെ തന്‍മയത്വത്തോടെ നർമ്മത്തിൽ ചാലിച്ച് പ്രേക്ഷകരെ ആകര്‍ഷിച്ച അതുല്യ പ്രതിഭയായ ചന്ദ്രശേഖര മേനോൻ, അഥവാ ശങ്കരാടി, ഡയലോഗുകളിലൂടെ മലയാളികളുടെ ഹൃദയത്തിൽ എന്നും ചിരിയുടെ ഒരു സ്‌ഫോടനം നിറച്ചിരുന്ന വിശിഷ്ടനാണ്.

സത്യൻ അന്തിക്കാട് സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്ന ശങ്കരാടിക്ക് സ്ക്രീനിൽ അൽപ്പം സമയം കിട്ടിയാലും, അത് പ്രേക്ഷകരെ ചിരിപ്പിക്കാൻ മതിയായിരുന്നു. “വിയറ്റ്നാം കോളനി”യിൽ കൈ രേഖയും “മിന്നാരം” സിനിമയിലെ ഭവാനിയമ്മയുടെ ഡയലോഗും അടക്കം അദ്ദേഹത്തിന്റെ ഓരോ പ്രകടനവും ഇന്നും ചിരിയുടെ അടയാളമായി മലയാളികൾക്ക് ഓർമയിലാണ്.

ചെറുതും വലുതുമായ അനേകം കഥാപാത്രങ്ങളിലൂടെ അദ്ദേഹം മലയാള സിനിമയിൽ ആഴമേറിയ സ്വാധീനം ഉണ്ടാക്കി. പാചകക്കാരൻ, തിരക്കഥാകൃത്ത്, ഗ്രാമീണ കഥാപാത്രങ്ങൾ എന്നിങ്ങനെ വിവിധ വേഷങ്ങളിൽ അഭിനയിച്ച അദ്ദേഹം “പപ്പയുടെ സ്വന്തം അപ്പൂസ്,” “ഗാന്ധിനഗർ 2nd സ്ട്രീറ്റ്,” “വിയറ്റ്നാം കോളനി” തുടങ്ങിയ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ എന്നും മലയാളികളുടെ മനസ്സിൽ അനശ്വരമായി നിലകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *