ട്രിനിഡാഡ് ആൻഡ് ടുബാഗോ: വെസ്റ്റ് ഇൻഡീസും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരം സമനിലയിൽ അവസാനിച്ചു. പോർട്ട് ഓഫ് സ്പെയിനിൽ നടന്ന മത്സരത്തിൽ, 298 റൺസ് വിജയലക്ഷ്യവുമായി ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ്, രണ്ടാം ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 201 റൺസെന്ന നിലയിൽ നിൽക്കവെ, മത്സരം സമനിലയിൽ പിരിയുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 357 റൺസ് നേടിയപ്പോൾ, വെസ്റ്റ് ഇൻഡീസ് 233 റൺസിൽ എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്സിൽ, അവസാനദിവസം ദക്ഷിണാഫ്രിക്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 173 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്തതോടെയാണ് വെസ്റ്റ് ഇൻഡീസിനെ ബാറ്റിംഗിനയച്ചത്.
പ്രോട്ടീസുകൾ അവസാനദിവസം വിൻഡീസിനെ പെട്ടെന്ന് പുറത്താക്കുമെന്ന പ്രതീക്ഷയിലായിരുന്നുവെങ്കിലും, ഇടയ്ക്ക് മഴ കളി മുടക്കുകയും 92 റൺസുമായി അലിക് അത്തനാസെ മികച്ച പ്രതിരോധം കാഴ്ചവയ്ക്കുകയും ചെയ്തതോടെ, വിജയപ്രതീക്ഷകൾ മങ്ങി. ജെയ്‌സൺ ഹോൾഡർ 31 റൺസുമായി പുറത്താകാതെ നിൽക്കുകയായിരുന്നു. മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കായി കേശവ് മഹാരാജ് രണ്ട് ഇന്നിംഗ്സിലുമായി എട്ടു വിക്കറ്റ് വീഴ്ത്തി, കളിയിലെ താരമായി.
