മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെത്തുടർന്ന് കൊല്ലത്ത് ഒരു യുവാവ് ജീവനൊടുക്കിയതായി കുടുംബം പരാതി നൽകിയിട്ടുണ്ട്. കൊല്ലം ചിതറ സ്വദേശിയായ അരുണ്‍ (29) പെരുവണ്ണാമൂലയിലുള്ള ബന്ധുവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അരുണിന്റെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
മൈക്രോ ഫിനാൻസ് സ്ഥാപനത്തിൽ നിന്ന് 60,000 രൂപ വായ്പ എടുത്തിരുന്ന അരുണിന്റെ തിരിച്ചടവ് മുടങ്ങിയതോടെ സ്ഥാപനത്തിൽ നിന്നുള്ള ഭീഷണിയെന്ന് കുടുംബം ആരോപിക്കുന്നു. ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് വായ്പയുടെ തിരിച്ചടവ് മുടങ്ങിയത് എന്നും, ഇതിന്റെ ഫലമായി അരുണ്‍ ആത്മഹത്യ ചെയ്തെന്നും കുടുംബം പറയുന്നു.
അരുണിന്റെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു. ചിതറ പൊലീസ് കുടുംബാംഗങ്ങളുടെ മൊഴി വാങ്ങി, അസ്വഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
