ഇറ്റലിയുടെ സിസിലി തീരത്ത് ശക്തമായ ചുഴലിക്കാറ്റിൽ 22 അംഗ സംഘവുമായി സഞ്ചരിച്ച ആഡംബര നൗക തകർന്നു, ഏഴു പേരെ കാണാതായതായി റിപ്പോർട്ടുകൾ പറയുന്നു. അപകടത്തിൽ ഒരാൾ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അപകടത്തിൽപ്പെട്ട ഒരുവയസുള്ള കുട്ടിയടക്കം എട്ട് പേരെ രക്ഷപ്പെടുത്തി, ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്.
കാണാതായവരിൽ ഒരു ജീവനക്കാരനും ആറ് യാത്രികരുമുണ്ട്. ഇവർ ബ്രിട്ടീഷ്, അമേരിക്കൻ, കനേഡിയൻ പൗരന്മാരാണ്. രക്ഷപ്പെട്ടവർ ആശുപത്രിയിൽ ചികിത്സയിലാണെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
സിസിലിയുടെ തലസ്ഥാനമായ പലേർമോയുടെ തീരത്താണ് നൗക ചുഴലിക്കാറ്റിൽ പെട്ട് മുങ്ങിയതെന്ന് ഇറ്റാലിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 184 അടി (56 മീറ്റർ) നീളമുള്ള, ബ്രിട്ടീഷ് രജിസ്ട്രേഷനിലുള്ള ഈ ആഡംബര നൗക ‘ബയേസിയൻ’ 2008-ൽ ഇറ്റാലിയൻ കപ്പൽ നിർമാതാക്കളായ പെരിനി നിർമിച്ചതാണ്.
ആഗസ്റ്റ് 14-ന് സിസിലിയൻ തുറമുഖമായ മിലാസ്സോയിൽ നിന്ന് യാത്ര ആരംഭിച്ച നൗക, 18-ന് പലേർമോയുടെ കിഴക്ക് ഭാഗത്ത് അവസാനമായി ട്രാക്ക് ചെയ്യപ്പെട്ടു. അതേസമയം, നൗക നങ്കൂരമിട്ട നിലയിലായിരുന്നു. 15 നോട്ടിക്കൽ മൈൽ വേഗതയിൽ സഞ്ചരിക്കാൻ കഴിവുള്ള ഈ നൗകയിൽ 12 അതിഥികൾക്കും പത്തിലധികം ജീവനക്കാർക്കും സഞ്ചരിക്കാൻ കഴിയും.
