കൊച്ചി: സംസ്ഥാനത്തെ ആദ്യ റോബോട്ടിക്സ് പാർക്ക് തൃശൂരിൽ ആരംഭിക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പ്രഖ്യാപിച്ചു. 10 ഏക്കർ സ്ഥലത്ത് സ്ഥാപിക്കപ്പെടുന്ന ഈ പാർക്ക്, റോബോട്ടിക് രംഗത്തെ അനവധി സാധ്യതകൾക്ക് വാതിൽ തുറക്കും.
പുതിയ റോബോട്ടിക്സ് പാർക്ക് നാല് വിഭാഗങ്ങളായി പ്രവർത്തിക്കും. ആദ്യഘട്ടത്തിൽ, “റോബോ ലാൻഡ്” എന്ന വിഭാഗം പൊതുജനങ്ങൾക്ക് റോബോട്ടുകളുടെ ലോകം നേരിട്ടു അനുഭവിക്കാനുള്ള അവസരം നൽകും. Artificial Intelligence, Audio-Video Reality തുടങ്ങിയ ടെക്‌നോളജികൾ വഴി വിജ്ഞാനപരവും ആസ്വാദ്യകരവുമായ പരിപാടികൾ ഇവിടെ ലഭ്യമാക്കും.
റോബോട്ടിക്സ് രംഗത്ത് പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് സംസ്ഥാന സർക്കാർ കൂടുതൽ പ്രോത്സാഹനം നൽകുമെന്നും മന്ത്രി അറിയിച്ചു. സ്റ്റാർട്ടപ്പുകൾക്ക് നൽകിയിരുന്ന സ്‌കെയിൽ അപ് ലോൺ സഹായം ഒരു കോടി രൂപയിൽ നിന്ന് രണ്ടുകോടിയായി വർധിപ്പിക്കും. റോബോട്ടിക് റൗണ്ട് ടേബിൾ സമ്മേളനത്തിലെ പ്രദർശനത്തിൽ പങ്കെടുത്ത മികച്ച സ്റ്റാർട്ടപ്പുകൾക്കുള്ള പുരസ്കാരവും കോളേജുകൾക്കുള്ള പുരസ്കാരവും മന്ത്രി വിതരണം ചെയ്തു.
ആഗോള നിക്ഷേപക ഉച്ചകോടി 2025 ഫെബ്രുവരി 21, 22 തീയതികളിൽ കൊച്ചി ബോൾഗാട്ടി ഗ്രാൻഡ് ഹയാത്തിൽ സംഘടിപ്പിക്കുമെന്നും മന്ത്രി പി. രാജീവ് കൂട്ടിച്ചേർത്തു.
