ഓണക്കാലത്ത് നാട്ടിലെത്താന്‍ ശ്രമിക്കുന്നവരെ വെട്ടിലാക്കി യാത്രാപ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്. ഇതിനകം പ്രഖ്യാപിച്ച സ്പെഷ്യല്‍ ട്രെയിനുകള്‍ മുഴുവന്‍ നിറഞ്ഞതാണ് പ്രധാന പ്രശ്നം, കൂടാതെ സ്വകാര്യ ബസുകള്‍ കുത്തനെ നിരക്ക് ഉയര്‍ത്തിയതും യാത്രക്കാരെ വലയ്ക്കുന്നു.
കൂടുതല്‍ സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. മംഗളൂരു-കൊല്ലം, എറണാകുളം-ബംഗളൂരു, കൊല്ലം-താംബരം റൂട്ടുകളിലെ 13 സ്പെഷ്യല്‍ ട്രെയിനുകള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും യാത്രക്കാരുടെ തിരക്ക് ഇപ്പോഴും നിയന്ത്രിക്കാനാകുന്നില്ല.
ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്കുള്ള യാത്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തിരക്ക്. മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്ന നഗരങ്ങളില്‍ ഒന്നാണ് ബംഗളൂരു, ഉത്സവസീസണില്‍ ഇവിടുത്തുകാര്‍ക്ക് നാട്ടിലേക്കുള്ള യാത്രാസൗകര്യം ലഭിക്കാത്ത അവസ്ഥയിലാണ്. കൊല്ലം-എറണാകുളം റൂട്ടില്‍ നാല് സ്പെഷ്യല്‍ ട്രെയിനുകള്‍ മാത്രമേ അനുവദിച്ചിട്ടുള്ളൂ.
ഡല്‍ഹി, ചെന്നൈ, മംഗളൂരു എന്നിവിടങ്ങളില്‍നിന്ന് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാന്‍ ബുദ്ധിമുട്ടാണ്. പലരും രണ്ടുമാസം മുമ്പ് ബുക്ക് ചെയ്തിരുന്നിട്ടും വെയിറ്റിങ് ലിസ്റ്റിലായിരിക്കുകയാണ്. റിസര്‍വേഷന്‍ നേരത്തേ അവസാനിപ്പിച്ച് തത്കാല്‍ ടിക്കറ്റ് നീക്കുന്നത് ലാഭകരമായ കച്ചവടത്തിനായി റെയില്‍വേ നടത്തുന്നതായും യാത്രക്കാര്‍ പ്രതിഷേധിക്കുന്നു.
