തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിന് സമീപമുള്ള പാഞ്ചജന്യം അനക്സിൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾ മാംസഭക്ഷണം പാചകം ചെയ്തതായി ആരോപണം ഉയർന്നു. ദേവസ്വത്തിന്റെ കരാർ അടിസ്ഥാനത്തിലുള്ള ഈ തൊഴിലാളികൾ ചിക്കൻ കറി തയ്യാറാക്കിയതായി റിപ്പോർട്ട്. സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ സമീപത്തുണ്ടായിരുന്ന ഭക്തർ സ്ഥലത്തെത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്തു.
അനക്സിന്റെ ഗ്രൗണ്ട് ഫ്ലോറിലാണ് ചിക്കനും ഉരുളക്കിഴങ്ങും ചേർത്ത് കറി ഉണ്ടാക്കിയത്. ചിക്കൻ കറിയുടെ ഗന്ധം അനുഭവപ്പെട്ടപ്പോൾ ഭക്തർ അന്വേഷണം നടത്തുകയും വിവരങ്ങൾ പുറത്തു വരികയും ചെയ്തു. ഇവിടെ നിന്ന് പലപ്പോഴും മാംസഭക്ഷണത്തിന്റെ ഗന്ധം വരുന്നതായി ഭക്തർ അറിയിച്ചു. ഇവർ ഇത് മുൻപേ ദേവസ്വം ബോർഡിനെ അറിയിച്ചിരുന്നുവെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്നാണ് പരാതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
