തൃശൂർ: നാളെ തൃശൂരില്‍ ഓണാഘോഷത്തിന്റെ ഭാഗമായി പതിവുപോലെ പുലികളിറങ്ങും. ഈ ആഘോഷത്തോടനുബന്ധിച്ച് തൃശൂർ നഗരത്തിൽ പ്രത്യേക ട്രാഫിക് ക്രമീകരണങ്ങൾ ഏർപ്പെടുത്തും.
രാവിലെ മുതൽ സ്വരാജ് റൗണ്ടിലും ഓണാഘോഷങ്ങൾ നടക്കുന്ന തേക്കിൻകാട് മൈതാനി, നായ്‌ക്കനാൽ പ്രദേശങ്ങളിലും വാഹന പാർക്കിങ്ങ് അനുവദനീയമല്ല. ഉച്ചക്ക് 2 മണിയോടെ സ്വരാജ് റൗണ്ടിലെ റോഡുകളിലും സമീപസ്ഥലങ്ങളിലും വാഹന ഗതാഗതം നിയന്ത്രിക്കും. പുലിക്കളി തീരുന്നതുവരെ റൗണ്ടിലേക്ക് ഏതെങ്കിലും വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ല.
പൊതുജനങ്ങള്‍ ആവശ്യമില്ലാതെ സ്വകാര്യ വാഹനങ്ങളില്‍ വരുന്നത് ഒഴിവാക്കി, ഗതാഗത കുരുക്ക് ഒഴിവാക്കാന്‍ സഹകരിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു.
പുലിക്കളി കാണാനെത്തുന്നവർ തേക്കിൻകാട് മൈതാനിയിലും ഫുട്പാത്തിലുമാണ് സുരക്ഷിതമായി കളി ആസ്വദിക്കേണ്ടത്. ജീർണാവസ്ഥയിലുള്ള കെട്ടിടങ്ങളും വൃക്ഷങ്ങളുമെല്ലാം കാണികള്‍ക്ക് നിരോധിത മേഖലകളാണ്. അതുപോലെ തന്നെ, നിർമാണത്തിലിരിക്കുന്നതും സുരക്ഷാ ക്രമീകരണങ്ങള്‍ പാലിക്കാത്ത കെട്ടിടങ്ങളിലും പ്രവേശനത്തിന് വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.
തൃശൂരിലേക്ക് പുലിക്കളി കാണാനെത്തുന്നവർ റോഡരികില്‍ വാഹനങ്ങള്‍ നിർത്താതെ നഗരത്തിലെ സുരക്ഷിതമായ ഗ്രൗണ്ടുകളില്‍ മാത്രം വാഹനം പാർക്ക് ചെയ്യേണ്ടതാണ്. ക്രമസമാധാനം നിലനിർത്തുന്നതിനായി തൃശൂർ അസി. കമ്മീഷണറുടെ നേതൃത്വത്തിൽ നഗരത്തിലെ പ്രധാന പ്രദേശങ്ങള്‍ വിവിധ സെക്ടറുകളായി വിഭജിച്ചിട്ടുണ്ട്.
