ന്യൂഡല്‍ഹി: ‘ചന്ദ്രയാൻ 4’ ദൗത്യത്തിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതായി അറിയിച്ചു. ‘ചന്ദ്രയാൻ 4’ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം, ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും ശേഖരിച്ച് ഭൂമിയിലെത്തിക്കുക എന്നതാണ്.
കേന്ദ്ര സർക്കാർ, ഗഗൻയാൻ പദ്ധതിയുടെ വികസനം, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വ്യാപനം, വിക്ഷേപണ വാഹനങ്ങളുടെ പുരോഗതി തുടങ്ങിയ പദ്ധതികൾക്കും അനുമതി നൽകി.
ഐഎസ്‌ആർഒ ചെയര്‍മാന്‍ ആര്‍ സോമനാഥ് മുമ്പ് വ്യക്തമാക്കിയതുപോലെ, ‘ചന്ദ്രയാൻ 4’ രണ്ട് ഘട്ടങ്ങളായാണ് വിക്ഷേപിക്കുക. ബഹിരാകാശത്തിൽ പേടകത്തിന്റെ ഭാഗങ്ങള്‍ എത്തിച്ച് അവ സംയോജിപ്പിച്ച് ചന്ദ്രനിലേക്കുള്ള യാത്ര തുടരും. ‘ചന്ദ്രയാൻ 4’ന്റെ ഭാരം ഐഎസ്‌ആർഒയുടെ നിലവിലുള്ള റോക്കറ്റിന് വഹിക്കാൻ കഴിയാത്തതിനാലാണ് ഈ ആസൂത്രണം.
ബഹിരാകാശ പേടകങ്ങളുടെ ഭാഗങ്ങള്‍ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്ന സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഐഎസ്‌ആർഒ. സ്പെയ്ഡെക്സ് എന്ന് പേരിട്ട ഈ ദൗത്യം 2024 അവസാനത്തോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.
