പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയില്‍ ഇന്ത്യ രണ്ട് പുതിയ കോണ്‍സുലേറ്റുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചു. ന്യൂയോര്‍ക്കിലെ ഇന്ത്യന്‍ വംശജരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പ്രധാനമന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലുമാണ് പുതിയ കോണ്‍സുലേറ്റുകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
“കഴിഞ്ഞ വര്‍ഷം സിയാറ്റിലില്‍ ഒരു പുതിയ കോണ്‍സുലേറ്റ് ആരംഭിക്കുമെന്ന് ഞങ്ങളുടെ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു, അത് ഇപ്പോഴേയ്ക്ക് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നു. അതേസമയം, ബോസ്റ്റണിലും ലോസ് ഏഞ്ചല്‍സിലുമുള്ള കോണ്‍സുലേറ്റുകള്‍ പുതിയതായി സ്ഥാപിക്കാനുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കുകയും അവ അവലോകനം ചെയ്യുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെടുത്തത്,” മോദി വ്യക്തമാക്കി.
ഇന്ത്യയ്ക്ക് നിലവില്‍ അമേരിക്കയിലെ ന്യൂയോര്‍ക്ക്, അറ്റ്ലാന്റ, ഷിക്കാഗോ, ഹൂസ്റ്റൺ, സാന്‍ഫ്രാന്‍സിസ്കോ, സിയാറ്റില്‍ എന്നിവിടങ്ങളില്‍ ആറ് കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുന്നു. ലോസ് ഏഞ്ചല്‍സിലെ ജനങ്ങള്‍ പുതിയ കോണ്‍സുലേറ്റിന്റെ പ്രഖ്യാപനത്തെ സ്വാഗതിക്കുകയും ചെയ്തു.
“ലോസ് ഏഞ്ചല്‍സില്‍ കോണ്‍സുലേറ്റ് സ്ഥാപിക്കാനുള്ള തീരുമാനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കും വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനും മുൻ യുഎസ് ഇന്ത്യൻ അംബാസഡർ തരണ്‍ജിത് സന്ധുവിനോടും ഞാന്‍ നന്ദി പറയുന്നു,” ലോസ് ഏഞ്ചൽസ് ആസ്ഥാനമായ അമൃത് ഇങ്കിന്റെ സിഇഒ ഗുഞ്ജൻ ബാഗ്ല പറഞ്ഞു.
ലോസ് ഏഞ്ചല്‍സ് അമേരിക്കയിലെ രണ്ടാമത്തെ വലിയ നഗരമാണെന്ന് കൂടി ചൂണ്ടിക്കാട്ടിയ ബാഗ്ല, “ഈ നഗരത്തിലെ ലോസ് ഏഞ്ചല്‍സ്, ലോംഗ് ബീച്ച് തുറമുഖങ്ങള്‍ അമേരിക്കയുടെ വിദേശ ചരക്ക് വ്യാപാരത്തിന്റെ 40 ശതമാനത്തോളം കൈകാര്യം ചെയ്യുന്നു. കോണ്‍സുലേറ്റ് സ്ഥാപിച്ചതോടെ, ഇന്ത്യയോട് താല്‍പര്യമുള്ള അമേരിക്കൻ ബിസിനസുകാരും എക്സിക്യൂട്ടീവുകളും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന പ്രാദേശിക കോണ്‍സുല്‍ ജനറലുമായി കൂടുതല്‍ ഇടപഴകാന്‍ കഴിയും,” എന്നും കൂട്ടിച്ചേർത്തു.
