ചാലക്കുടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി, നഗരസഭ രണ്ടാം ഘട്ടത്തിൽ പ്രത്യേക ശുചിത്വ ക്യാംപയിന്‍ സംഘടിപ്പിക്കുമെന്ന് ചെയർമാൻ എബി ജോർജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയപാത ഉൾപ്പെടെയുള്ള വഴിയോരങ്ങളും കനാൽ പുറമ്പോക്ക് റോഡും ശുചീകരിച്ച് മാലിന്യമുക്തമാക്കുന്ന ആദ്യഘട്ട പ്രവർത്തനം പൂർത്തിയാക്കിയതായി ചെയർമാൻ പറഞ്ഞു.
മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ 40 ഓളം സ്ഥലങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും, ഇതിന്റെ അടിസ്ഥാനത്തിൽ നിരവധി വാഹനങ്ങളും വ്യക്തികളും കണ്ടെത്തി പിഴ അടക്കമുള്ള ശിക്ഷാ നടപടികള്‍ സ്വീകരിച്ചതായും അദ്ദേഹം വിശദീകരിച്ചു.
ഇപ്പോൾ, വിദ്യാർത്ഥികള്‍, വയോജനങ്ങള്‍, റെസിഡൻസ് അസോസിയേഷനുകള്‍, സ്ഥാപനങ്ങള്‍ എന്നിവരെ മത്സരാടിസ്ഥാനത്തിൽ പങ്കെടുപ്പിച്ച്, വീടുകളും പൊതുഇടങ്ങളും വൃത്തിയാക്കി സൂക്ഷിക്കുന്നതിന് പ്രോത്സാഹനം നൽകുകയാണ് രണ്ടാം ഘട്ടത്തിന്റെ ലക്ഷ്യം.
വലിയ ശുചിത്വം നിലനിർത്തുന്ന വിദ്യാർത്ഥികൾക്കും മുതിർന്ന പൗരൻമാർക്കും റെസിഡൻസ് അസോസിയേഷനും, മികച്ച ശുചിത്വ വാർഡിനും സമ്മാനങ്ങൾ നല്‍കും. നവംബർ ഒന്നുമുതൽ അഞ്ചുവരെ വിലയിരുത്തലുകൾ നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ സ്ഥിരം സമിതി അധ്യക്ഷരായ ദീപു ദിനേശ്, ബിജു എസ്.ചിറയത്ത്, പ്രീതി ബാബു, ആനി പോള്‍ എന്നിവരും പങ്കെടുത്തു.
