കൽപ്പറ്റ: മുണ്ടക്കൈ, ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനം തുടരുന്നു.
ശനിയാഴ്ച രാവിലെ ഏഴിന് ആരംഭിച്ച രക്ഷാപ്രവർത്തനത്തിന് അധിക സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് അഗ്നി, രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെയും തിരച്ചിലിന് നിയോഗിച്ചു.
വനാതിർത്തികളായ പ്രദേശങ്ങളിൽ തിരച്ചിലിനായി വനം വകുപ്പ് കൂടുതൽ സേനവിന്യസിച്ചിട്ടുണ്ട്. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരല്‍മല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് തിരച്ചിൽ നടക്കുന്നത്. ഹ്യുമൻ റസ്ക്യൂ റഡാറുകൾ ഉപയോഗിച്ച് കൂടുതൽ പ്രദേശങ്ങളിൽ പരിശോധന നടക്കുന്നു.
അതേസമയം, ദുരന്ത പ്രദേശങ്ങളിലേക്ക് പാകം ചെയ്ത ഭക്ഷണങ്ങളോ ഭക്ഷണപദാർത്ഥങ്ങളോ കൊണ്ടുവരേണ്ടതില്ലെന്ന് ജില്ല കലക്ടർ ഡി.ആർ മേഘശ്രീ അറിയിച്ചു. രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർക്കും സേനാ വിഭാഗങ്ങൾക്കും ആവശ്യമായ ഭക്ഷണം മേപ്പാടിയിലെ പൊതു അടുക്കളയിൽ ക്രമീകരിച്ചിട്ടുണ്ട്. അവിടെനിന്ന് ജില്ല ഫുഡ് സേഫ്റ്റി ഓഫീസറുടെ നേതൃത്വത്തിൽ ചൂരല്‍മലയിലെ ഫുഡ് സെന്ററിൽ എത്തിക്കും.
ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നവർക്ക് ഭക്ഷണസാധനങ്ങൾ പ്രത്യേകമായി നിയോഗിച്ച ഫയർ ആൻഡ് സേഫ്റ്റി ഉദ്യോഗസ്ഥർ മുഖാന്തിരം ലഭ്യമാക്കേണ്ടതാണ്
