വയനാടിന്റെ വണ്ടര്‍വുമണ്‍; മേജര്‍ സീത ഷെല്‍ക്കയെ അഭിനന്ദിച്ച്‌ ആനന്ദ് മഹീന്ദ്ര

വയനാട് ഉരുള്‍പൊട്ടലില്‍ രക്ഷാപ്രവർത്തിന് വെല്ലുവിളിയായത് ചുരല്‍മലയെയും മുണ്ടക്കൈയേയും ബന്ധിപ്പിക്കുന്ന ഏക പാലം തകർന്ന് പോയതായിരുന്നു.

പാലം ഇല്ലാത്തത് കൊണ്ട് മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തകർ എത്താൻ സാധിക്കാത്ത അവസ്ഥ ഉണ്ടായിരുന്നു. എന്നാല്‍ സൈന്യം ബെയ്ലി പാലം നിർമിച്ചതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടി.

പാലം നിർമാണ സംഘത്തെ മുന്നില്‍ നിന്ന് നയിച്ചത് ബെംഗളൂരുവില്‍ നിന്നുള്ള സൈന്യത്തിന്റെ മദ്രാസ് എൻ‌ഞ്ചിനീയരിംഗ് ഗ്രൂപ്പിലെ ഏക വനിതാ എഞ്ചിനീയറായിരുന്ന മേജർ സീതാ ഷെല്‍ക്ക അടക്കമുള്ള ഉദ്യോഗസ്ഥരായിരുന്നു. വിശ്രമമില്ലാതെ 31 മണിക്കൂർ കൊണ്ടാണ് 190 അടി പാലം നിർമിച്ചത്. ഇപ്പോള്‍ മേജർ സീത ഷെല്‍ക്കയെ അഭിനന്ദിച്ച്‌ രംഗത്തെത്തയിരിക്കുകയാണ് വ്യവസായി ആനന്ദ് മഹീന്ദ്രയ. സീത ഷെല്‍ക്കയെ വയനാടിന്റെ വണ്ടർ വുമണ്‍ എന്നാണ് ആനന്ദ് മഹീന്ദ്ര വിശേഷിപ്പിച്ചത്.

‘ ഡി സി സൂപ്പർ ഹീറോകളുടെ ആവശ്യമില്ല. യഥാർത്ഥ ജീവിതത്തില്‍ നമുക്കിടയില്‍ അവരുണ്ട് ‘ എന്ന് കുറിച്ചാണ് മേജർ സീത ഷെല്‍ക്കയുടെ ചിത്രം പങ്കുവെച്ചത്. 2012 സൈന്യത്തില്‍ ചേർന്ന മേജർ ഷെല്‍ക്കെ മഹാരാഷ്ട്രയിലെ അഹമ്മദ് നഗർ സ്വദേശിയാണ്. ചെന്നൈ ഒ ടി എയില്‍ നിന്നാണ് പരിശീലനം പൂർത്തിയാക്കിയത്. അഹമ്മദ് നഗറിലെ പ്രവാര റൂറല്‍ എ‍ഞ്ചിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി.

പാലം നിർമാണത്തിന് പ്രധാന വെല്ലുവിളി സ്ഥല പരിമിതിയായിരുന്നുവെന്നും ഗതാഗതക്കുരുക്ക് മൂലം പാലത്തിന്റെ ഭാഗങ്ങളുമായെത്തിയ വാഹനങ്ങള്‍ക്ക് പ്രദേശത്ത് എത്തിപ്പെടാൻ നന്നേ പ്രയാസപ്പെട്ടുവെന്നും തുടർച്ചയായ കനത്ത മഴയും പാലത്തിന്റെ നിർമാണത്തിന് തടസ്സമായിരുന്നുവെന്നും സൈന്യത്തെ എല്ലാ രീതിയിലും സഹായിച്ച ജനങ്ങള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും സർക്കാർ അധികൃതർക്കും നന്ദി പറയുന്നു എന്നും ആണ് പാലം നിർമാണത്തെക്കുറിച്ച്‌ മേജർ പറഞ്ഞത്. പാലത്തിന്റെ നിർമാണം പൂർത്തിയായതോടെ രക്ഷാപ്രവർത്തനത്തിന്റെ വേഗം കൂടുകയും ചെയ്തു.

വലിയ ചരിവുള്ള ദു‍ഘടമായ പ്രദേശങ്ങളില്‍ അടിയന്തരമായി പണിയുന്ന പാലമാണ് ബെയിലി പാലം (Bailey Bridge). ദുരന്തനിവാരണത്തിനും സൈനികാവശ്യങ്ങള്‍ക്കുമാണ് ഇന്ന് ഇത്തരം പാലം നിർമ്മിക്കുന്നത്. മുമ്ബുതന്നെ നിർമ്മിച്ചുവച്ച ഭാഗങ്ങള്‍ പെട്ടെന്നുതന്നെ ഇതു നിർമ്മിക്കേണ്ട സ്ഥലത്തെത്തിച്ച്‌ കൂട്ടിച്ചേർത്താണിതു നിർമ്മിക്കുന്നത്. ഇന്ത്യയില്‍ ആദ്യമായി സിവിലിയൻ ആവശ്യങ്ങള്‍ക്കായി ബെയ്ലി പാലം നിർമ്മിച്ചത് പമ്ബാ നദിക്ക് കുറുകെ കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ റാന്നിയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *