വയനാട് : ഇന്നുവരെ കണ്ടിട്ടില്ലാത്ത ദുരന്തത്തില്‍ പകച്ചുനില്‍ക്കുകയാണ് കേരളം. വയനാടിനെ കൈ പിടിച്ചുയർത്താനുള്ള ശ്രമത്തിലാണ് ഓരോ മലയാളിയും.
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നിരവധി കുഞ്ഞുങ്ങളാണ് അനാഥരായിരിക്കുന്നത്. ഇതിന് പിന്നാലെ ദുരന്തത്തിനിരയായ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളെ ദത്തെടുക്കാൻ സന്നദ്ധത അറിയിച്ച് നിരവധിപേരാണ് എത്തുന്നത്.
ഉരുള്‍പൊട്ടലിനിരയായ കുഞ്ഞുങ്ങളാരും അനാഥരാകരുത്, ഒരു അച്ഛന്റെയും അമ്മയുടെയും കരുതലും സ്നേഹവും ജീവിതകാലം മുഴുവൻ അവർക്ക് കിട്ടണം എന്ന് അവർ അത്രമേല്‍ ആഗ്രഹിക്കുന്നത് കൊണ്ടാണ് കുട്ടികള്‍ ഉള്ളവർ പോലും ഒരു കുഞ്ഞിനെ ദത്തെടുത്ത് വളർത്താൻ സന്നദ്ധത അറിയിച്ചത്.
മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും മാതാപിതാക്കള്‍ നഷ്ട്ടപെട്ട കുട്ടികളെ ദത്തെടുക്കാൻ സ്വദേശത്തെയും വിദേശത്തെയും നിരവധിപേരാണ് രംഗത്തുവരുന്നത്.
കഴിഞ്ഞ ദിവസം ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴില്‍ അനാഥരായ കുഞ്ഞുങ്ങളുണ്ടെങ്കില്‍ താനും ഭാര്യയും ഏറ്റെടുത്തു വളർത്താം എന്ന് കോഴിക്കോട് സ്വദേശിയായ സുധി എന്നൊരാള്‍ കമന്റിട്ടിരുന്നു. ‘അനാഥർ ആയി എന്ന് തോന്നുന്ന മക്കള്‍ ഉണ്ടെങ്കില്‍ എനിക്ക് തരുമോ… എനിക്ക് കുട്ടികള്‍ ഇല്ല.ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം’ എന്നായിരുന്നു ഇത്.
കുവൈത്തില്‍ രണ്ട് ആണ്‍കുട്ടികളും ഭാര്യയുമായി കുടുംബസമേതം കഴിയുന്ന ബി.സി. സമീർ എന്നയാള്‍ താനും ഒരു പെണ്‍ കുഞ്ഞിനെ ദത്തെടുക്കാൻ ആഗ്രഹം ഉണ്ടെന്ന് പ്രകടിപ്പിച്ചിരുന്നു.
ഇത് പോലെ സമൂഹമാധ്യമത്തിലും അധികാരികളുടെ അടുത്തും ദത്തെടുക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് നിരവധി പേർ വന്നിരുന്നു. എന്നാല്‍ ദത്തെടുക്കല്‍ നടപടി ക്രമങ്ങള്‍, പ്രത്യേകിച്ചും ഇത്തരം ദുരന്തങ്ങളുടെ ഇരകളായവരുടെ ദത്തെടുക്കുന്ന നടപടികള്‍ അത്ര എളുപ്പമല്ലെന്നാണ് അധികൃതർ പറയുന്നത്.
ഏറെ സങ്കീർണമായ നടപടികളാണ് ദത്തെടുക്കലുമായി ബന്ധപ്പെട്ടുള്ളത്. മാതാപിതാക്കളില്ലാത്ത, ആരും സംരക്ഷിക്കാനില്ലാത്ത കുട്ടികളെ 2015ലെ കേന്ദ്ര ബാലനീതി നിയമം പ്രകാരം സർക്കാറാണ് ഏറ്റെടുക്കുക. നിയമപരമായ നടപടികളിലൂടെയാണ് ഇവരെ പരിചരണത്തിനും ദത്തെടുക്കലിനും നല്‍കുക.
ഇതിനായി സി.എ.ആർ.എ(സെൻട്രല്‍ അഡോപ്ഷൻ റിസോഴ്സ് അതോറിറ്റി)യില്‍ രജിസ്റ്റർ ചെയ്യണം. ഇന്ത്യയില്‍ ഈ വർഷം 1361 കുട്ടികളെയാണ് ഇതുവരെ ദത്ത് നല്‍കിയത്. ദത്തെടുക്കാൻ സന്നദ്ധത പ്രകടിപ്പിച്ച് 34847 മാതാപിതാക്കള്‍ രജിസ്റ്റർ ചെയ്തിട്ടുമുണ്ട്.
വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട മൂന്നുകുട്ടികള്‍ മാത്രമാണുള്ളത്. എന്നാല്‍, ഇവരടക്കമുള്ള എല്ലാ കുട്ടികളും ബന്ധുക്കളുടെ കൂടെയാണുള്ളത്. ഒരു ബന്ധുവും ഇല്ലാത്ത ഒറ്റക്കുട്ടി പോലും ഇല്ലെന്ന് ജില്ല വനിത ശിശുവികസന വകുപ്പ് ജില്ല ഓഫിസർ ഹഫ്സത്ത് പറഞ്ഞു. ദുരന്തത്തില്‍ 30 കുട്ടികള്‍ മരിച്ചുവെന്നാണ് ഔദ്യോഗിക കണക്ക്. എന്നാല്‍, 60ഓളം കുട്ടികള്‍ മരിച്ചുവെന്നാണ് വിവിധ സ്കൂള്‍ അധികൃതർ പറയുന്നത്.
