ഉരുള്‍പൊട്ടലില്‍ തകർന്നടിഞ്ഞ ചൂരല്‍മല, മുണ്ടക്കൈ മേഖലകളിലെ ദുരിതബാധിതർക്ക് കൈതാങ്ങുമായി നിരവധി സിനിമാ താരങ്ങള്‍ രംഗത്തെത്തിയിരുന്നു.
തെലുങ്ക് സൂപ്പർ താരം പ്രഭാസ് 2 കോടിയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരിക്കുന്നത്. ഫിലിം കറസ്പോണ്ടന്റ് രാജശേഖറാണ് ഈ വിവരം എക്സിലൂടെ അറിയിച്ചിരിക്കുന്നത്.
മുൻപ് പ്രളയസമയത്തും കേരളത്തിന് കൈതാങ്ങായി പ്രഭാസ് എത്തിയിരുന്നു. വയനാടിന് കൈതാങ്ങായി പ്രഭാസിനു പുറമേ തെലുങ്ക് സിനിമാ മേഖലയില്‍നിന്ന് അല്ലു അർജുൻ, ചിരഞ്ജീവി, രാംചരണ്‍ തേജ എന്നിവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തിരുന്നു. 25 ലക്ഷം രൂപയാണ് അല്ലു അർജുൻ സംഭാവന നല്‍കിയത്. ഒരുകോടി രൂപയാണ് ചിരഞ്ജീവിയും രാംചരണും ചേർന്ന് സംഭാവന ചെയ്തത്.
നടൻ മോഹൻലാല്‍ 25 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മമ്മൂട്ടി 20 ലക്ഷം രൂപയും ദുല്‍ഖർ 15 ലക്ഷം രൂപയുമാണ് നല്‍കിയത്. ഫഹദിന്റെയും നസ്രിയയുടെയും ഉടമസ്ഥതയിലുളള ഫഹദ് ഫാസില്‍ ആൻഡ് ഫ്രണ്ട്സ് എന്ന നിർമാണക്കമ്ബനി 25 ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്.
