ഷിരൂരില്‍ ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല

അങ്കോല | ഷിരൂരില്‍ കടല്‍ തീരത്തോടുചേര്‍ന്നുള്ള ഹോന്നവാരയില്‍ ജീര്‍ണിച്ച നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി.

മൃതദേഹം ആരുടേതാണെന്നതില്‍ വ്യക്തതയില്ല.കടലില്‍ ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹം. ഡിഎന്‍എ പരിശോധനയുള്‍പ്പെടെയുള്ള കാര്യങ്ങളിലേക്ക് കടക്കുകയാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

മത്സ്യത്തൊഴിലാളിയായ ഈശ്വര്‍ മല്‍പെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കിട്ടിയിടത്തേക്ക് കൂടുതല്‍ തെളിവെടുപ്പിനായി അങ്കോല സിഐ ഉള്‍പ്പടെയുള്ള പോലീസ് സംഘം പുറപ്പെട്ടിട്ടുണ്ട്.

ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. എന്നിരുന്നാലും ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായവരുടെ മൃതദേഹമാകാം ഇതെണെന്നാണ് നിലവില്‍ വിലയിരുത്തുന്നത്.

കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുനായുള്ള തിരച്ചില്‍ തുടരണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കര്‍ണാടക മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്ത് അയച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *