പച്ചക്കറി വില കുതിക്കുന്നു, താളം തെറ്റി വീട്ടമ്മമാരുടെ അടുക്കള ബജറ്റ്; ഓണക്കാലം എത്തുന്നതോടെ വില ഇനിയും വര്‍ധിക്കാന്‍ സാധ്യതയെന്നു വ്യാപാരികള്‍

കോട്ടയം: പച്ചക്കറി വില കുതിക്കുന്നു, താളം തെറ്റി വീട്ടമ്മമാരുടെ അടുക്കള ബജറ്റ്. കിഴങ്ങു വര്‍ഗങ്ങളുടെ വിലയാണ് കുതിക്കുന്നത്.

കാലാവസ്ഥ പ്രതികൂലമായാല്‍ ഓണ നാളുകളില്‍ പച്ചക്കറികള്‍ക്കെല്ലാം വില ഉയരാനുള്ള സാധ്യതയും നിലനില്‍ക്കുകയാണ്.

കൂര്‍ക്ക വില റെക്കോര്‍ഡിലാണ്. ചില്ലറ വില 150 രൂപ വരെ കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഇന്നലെ 110 രൂപയായിരുന്നു കോട്ടയം മാര്‍ക്കറ്റിലെ വില. ഉരുളക്കിഴങ്ങ് വിലയും കുതിക്കുകയാണ്, 60 രൂപയായിരുന്നു കഴിഞ്ഞ ദിവസത്തെ വില.

കാരറ്റ് വില റിക്കാര്‍ഡിലാണ്, 160 രൂപയ്ക്കു വരെയാണ് കാരറ്റ് കച്ചവടം നടക്കുന്നത്. മുളക്-120, കടച്ചക്ക- 100, നാരങ്ങ 140, വെളുത്തുള്ളി-260, ബജി മുളക്-120, ക്യാപ്സിക്കം-120 എന്നിവയാണ് വിലയില്‍ സെഞ്ചുറി കടന്ന ഇനങ്ങള്‍.

രണ്ടാഴ്ച മുമ്ബ് 100നു മുകളില്‍ നിന്നിരുന്ന തക്കാളി,ബീന്‍സ് എന്നിവയുടെ വില താഴ്ന്നതാണു വിപണിയില്‍ നിന്നുള്ള ആശ്വാസ വാര്‍ത്ത. തക്കാളി, ബീന്‍സ്, വെണ്ടയ്ക്ക, ബീറ്റുറൂട്ട്, കാബേജ്, പായര്‍, കോവയ്ക്ക, അമരപയര്‍ എന്നിവയുടെ കോട്ടയത്തെ ചില്ലറ വില 60 രൂപയാണ്.

ചേന വിലയും സെഞ്ചുറിയില്‍ എത്തി. ഓണമാകുന്നതോടെ വില വീണ്ടും കൂടാന്‍ സാധ്യതയുള്ളതിനാല്‍ അവശേഷിക്കുന്ന ചേന കര്‍ഷകര്‍ സന്തോഷത്തിലാണ്. ചേനയുള്‍പ്പെടെയുള്ള കിഴങ്ങുവര്‍ഗങ്ങള്‍ക്കെല്ലാം വില കുതിക്കുകയാണ്.

പച്ചക്കറികള്‍ ഒരു വിഭാഗത്തിനു വില കുത്തനെ താഴ്ന്നപ്പോള്‍ ചില ഇനങ്ങളുടെ വില റിക്കാര്‍ഡില്‍ കുതിയ്ക്കുകയുമാണ്. കോട്ടയം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം ഒരു കിലോ ചേനയുടെ വില 95 രൂപയായിരുന്നു. പ്രാദേശിക മാര്‍ക്കറ്റുകളില്‍ ഇതു 110 രൂപ വരെയായി. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു വരുന്നവയേക്കാള്‍ നാടന്‍ ചേനയ്ക്കാണ് ആവശ്യക്കാര്‍ ഏറെ.

എന്നാല്‍, നാടന്‍ ചേന കുറവാണ്. ഓണവിപണി ലക്ഷ്യമാക്കി കൃഷിയിറക്കിയിരുന്ന വളരെ കുറച്ചു കര്‍ഷകര്‍ മാത്രമാണു ജില്ലയിലുള്ളത്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 50 രൂപയായിരുന്നു ചേന വില. കാലാവസ്ഥാ വ്യതിയാനം മൂലം കരിക്ക് രോഗം ബാധിച്ചതും വിത്തു ക്ഷാമവും എല്ലാം ഇത്തവണ ചേന കര്‍ഷകരുടെ എണ്ണം കുറയാന്‍ കാരണമായി.

നാടന്‍ ചേമ്ബിന്റെ വിലയും മിക്കയിടങ്ങളിലും 100 രൂപയിലെത്തി. വരവു ചേമ്ബിന്റെ വില 80-90 രൂപയാണ്. ദൗര്‍ലഭ്യമാണെങ്കിലും ചേനയുടെയു ചേമ്ബിന്റെയും ഉയര്‍ച്ചയില്‍ കാച്ചില്‍ വില എത്തിയിട്ടില്ല, കോട്ടയം മാര്‍ക്കറ്റിലെ ചില്ലറ വില 60 രൂപയാണ്.

ഇഞ്ചി വിലയും പിടിവിട്ട് കുതിക്കുകയാണ്. നിലവില്‍ കോട്ടയത്ത് 200 രൂപയാണ് ചില്ലറ വില. ചിലയിടങ്ങളില്‍ 225 രൂപ വരെയായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം നാടന്‍ ഇഞ്ചി വില 300 രൂപ വരെയെത്തിയിരുന്നു. ഓണക്കാലമാകുന്നതോടെ പച്ചക്കറി വില വര്‍ധിക്കാനുള്ള സാധ്യത ഏറുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *