ഫുഡ് മുഖ്യം, മത്സരത്തിന് മുമ്ബ് നമ്മുടെ താരങ്ങള്‍ കഴിക്കുന്നത് എന്തൊക്കെയാണെന്നറിയാമോ?

പാരിസ്: അല്‍പം മുമ്ബാണ് പാരിസ് ഒളിമ്ബിക്സില്‍ നിന്ന് ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയത്. ഭാര പരിശോധനയില്‍ പരാജയപ്പെട്ടതോടെയാണ് നടപടിയുണ്ടായത്.

അമ്ബത് കിലോ വിഭാഗത്തിലായിരുന്നു വിനേഷ് മത്സരിച്ചത്. എന്നാല്‍ ഭാരപരിശോധനയില്‍ നൂറ് ഗ്രാം കൂടുതലായതോടെ അയോഗ്യയാക്കി.

വെറും നൂറ് ഗ്രാം കാരണമാണോ വിനേഷിനെ അയോഗ്യയാക്കിയതെന്ന് ഏവരുടെ മനസില്‍ ഉയരുന്ന ചോദ്യമാണ്. എന്നാല്‍ ഒളിമ്ബിക്സിനെ സംബന്ധിച്ച്‌ നിയമങ്ങള്‍ അത്രത്തോളം പ്രധാനമാണ്.വളരെ ചെറിയൊരു കാര്യമുണ്ടായാല്‍ പോലും അയോഗ്യരാകുമെന്ന ഉത്തമ ബോദ്ധമുള്ളതിനാല്‍ ഭക്ഷണമടക്കമുള്ള എല്ലാ കാര്യത്തിലും കായിക താരങ്ങള്‍ അതീവ ശ്രദ്ധാകുലരാണ്. എന്തൊക്കെ ഭക്ഷണങ്ങള്‍ കഴിക്കണം, കഴിക്കരുതെന്നതിനെപ്പറ്റിയൊക്കെ അവർക്ക് കൃത്യമായ ധാരണയുണ്ട്.

ഒരു ഒളിമ്ബ്യന്റെ ഭക്ഷണക്രമം മറ്റുള്ളവരുടെ ഭക്ഷണത്തില്‍ നിന്ന് വളരെ വ്യത്യസ്തമാണ്. ഈ ഭക്ഷണമാണ് അവർക്ക് ആവശ്യമായ എനർജി നല്‍കുന്നത്. വലിച്ചുവാരി കഴിക്കില്ലെന്ന് മാത്രമല്ല ഭക്ഷണം കഴിക്കുന്നതിന് കൃത്യമായ സമയവുമുണ്ട്.

കായിക താരങ്ങളുടെ പരിശീലനത്തിന്റെ ഒരു ഭാഗം പോഷകാഹാരമാണെന്ന് സ്‌പോർട്സ് ഡയറ്റീഷ്യനും ഒഹായോ സ്റ്റേറ്റ് സ്‌പോർട്സ് മെഡിസിൻ ഇൻസ്റ്റിറ്റിയൂട്ടിന്റെ സ്‌പോർട്സ് ന്യൂട്രീഷ്യന്റെ ഡയറക്ടറുമായ സാറാ വിക്ക് പറഞ്ഞു.

കായിക ഇനം അനുസരിച്ചാണ് താരങ്ങളുടെ ഭക്ഷണക്രമം തീരുമാനിക്കുന്നത്. സ്പ്രിന്റിംഗ് പോലെയുള്ള ഒരു ഹ്രസ്വകാല കായിക വിനോദത്തിന് പ്രതിദിനം രണ്ടായിരത്തിലധികം കലോറി ആവശ്യമാണ്. നീന്തല്‍ പോലുള്ള കായിക ഇനത്തില്‍ പരിശീലനത്തിനായി പ്രതിദിനം 10,000 കലോറി വരെ വേണ്ടി വന്നേക്കാം.ഒരു താരത്തിന്റെ ഡയറ്റ് പ്ലാൻ ചെയ്യുമ്ബോള്‍ പ്രധാനമായും പരിഗണിക്കുന്നത് കായിക ഇനമാണെന്ന് ടീം കാനഡയിലെ അത്‌ലറ്റുകള്‍ക്കൊപ്പം പ്രവർത്തിക്കുന്ന ഡയറ്റീഷ്യൻ ജോവാന ഇർവിൻ വ്യക്തമാക്കി.

ഡയറ്റ്

മിക്കവാറും എല്ലാ ഒളിമ്ബ്യൻ ഡയറ്റുകളും നാല് പ്രധാന കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ്.

1-ഊർജ്ജത്തിന് ആവശ്യമായ കാർബോഹൈഡ്രേറ്റുകള്‍,

2- രക്തത്തിലെ പഞ്ചസാരയുടെ അളവ് ഉറപ്പാക്കുന്നതിനും മറ്റും ആവശ്യമായ പ്രോട്ടീൻ

3- ഒമേഗ 3 അടങ്ങിയ ഭക്ഷണങ്ങള്‍ (മത്സ്യം പോലെ)

4- ആരോഗ്യകരമായ കൊഴുപ്പുകള്‍ അടങ്ങിയതും, രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നതും, ആന്റിഓക്സിഡന്റുകള്‍ നല്‍കുന്നതുമായ പഴങ്ങളും പച്ചക്കറികളും.

കഴിക്കുന്നത്

ഒരു ഒളിമ്ബിക് മത്സരത്തിന് മുമ്ബ് മിക്ക താരങ്ങളും പ്രഭാത ഭക്ഷണമായി അവോക്കാഡോ ടോസ്റ്റ്, സാല്‍മണ്‍, മുട്ട, വാഴപ്പഴം ഇതൊക്കെയാണ് കഴിക്കുന്നത്.മത്സരത്തിനാവശ്യമുള്ളതല്ലാതെ, ഡയറ്റീഷ്യൻമാരും പോഷകാഹാര വിദഗ്ധരും അത്‌ലറ്റുകളുടെ വ്യക്തിഗത ഇഷ്ടങ്ങളിലും അവരുടെ ആരോഗ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. താൻ അത്‌ലറ്റിന്റെ ഇഷ്ടങ്ങളും മുഖവിലക്കെടുക്കാറുണ്ടെന്ന് അമേരിക്കയിലെ ഒരു സീനിയർ ഡയറ്റീഷൻ പറയുന്നു.

2020ലെ ഒളിമ്ബിക് ഓള്‍റൗണ്ട് ചാമ്ബ്യനായിരുന്ന അമേരിക്കൻ ജിംനാസ്റ്റായ സുനി ലീ വൃക്ക രോഗിയായിരുന്നു. മാത്രമല്ല വേറെയും ചില അസുഖങ്ങള്‍ ഇവരെ അലട്ടിയിരുന്നു. അതിനാല്‍ത്തന്നെ സോഡിയം കുറഞ്ഞ ഭക്ഷണമായിരുന്നു താരത്തിന് നല്‍കിയിരുന്നത്.

‘ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ഇഷ്ടമാണ്. കാരണം എനിക്ക് മികച്ചതായി തോന്നുന്ന ഭക്ഷണം കഴിച്ചാല്‍ ഏറ്റവും മികച്ച രീതിയില്‍ മത്സരിക്കാൻ എനിക്ക് സാധിക്കും. എനിക്ക് എന്റെ പഴങ്ങളും പച്ചക്കറികളും ഇഷ്ടമാണ്. ഞാൻ കഴിയുന്നത്ര ആരോഗ്യകരമായ ഭക്ഷണം കഴിക്കാൻ ശ്രമിക്കുന്നു, പ്രത്യേകിച്ച്‌ മത്സരങ്ങള്‍ക്ക് മുന്നോടിയായി. നല്ല പ്രോട്ടീനും കാർബോ ഹൈഡ്രേറ്റും ലഭിക്കുന്നത് പ്രധാനമാണ്, കാരണം ഞങ്ങള്‍ക്ക് ഊർജം ആവശ്യമാണ്.’ സുനി ലീ പറഞ്ഞു.

ഉസൈൻ ബോള്‍ട്ടാണ് മറ്റൊരു ഉദാഹരണം. 2008ലെ ബീജിംഗ് ഒളിമ്ബിക്സില്‍, അദ്ദേഹം ഓരോ ദിവസവും 100 മക്‌ഡൊണാള്‍ഡ് ചിക്കൻ നഗ്ഗറ്റുകള്‍ കഴിച്ചു, കാരണം അത്രയും തനിക്ക് ആവശ്യമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. തുടർന്ന് മത്സരത്തില്‍ മൂന്ന് സ്വർണം നേടി.

വേണ്ടേ വേണ്ട

എന്നാല്‍ ഉസൈൻ ബോള്‍ട്ടിന്റെ ഒരു ഒറ്റപ്പെട്ട സംഭവമായിട്ടാണ് മിക്കവരും കാണുന്നത്. കാരണം പൊതുവെ എല്ലാ ഒളിമ്ബ്യൻമാർക്കും (അവരുടെ കായികക്ഷമതയോ ഭാരമോ പരിഗണിക്കാതെ) പൊതുവായുള്ള ഒരു കാര്യം അവർ വളരെ കുറച്ച്‌ സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നു എന്നതാണ്. ബർഗറുകളും ചിക്കൻ നഗറ്റുകളും പോലെയുള്ള ഫാസ്റ്റ് ഫുഡ് ഇനങ്ങളോട് കർശനമായി നോ പറയുന്നു.

കായിക താരങ്ങള്‍ മുഖം തിരിക്കുന്ന മറ്റൊന്ന് മദ്യമാണ്. അതിന്റെ ഉപയോഗം പാരീസ് സംഘാടകർ പ്രോത്സാഹിപ്പിക്കുന്ന ഒന്നല്ല. മദ്യം നിർജ്ജലീകരണമുണ്ടാക്കും. കൂടാതെ തലവേദന പോലുള്ള അസ്വസ്ഥതകള്‍ക്കും കാരണമായേക്കാം. ഇത് പരിശീലനത്തെ അടക്കം ബാധിക്കാമെന്ന് വിദഗ്ദർ പറയുന്നു.ഒരു ഒളിമ്ബ്യന്റെ ഭക്ഷണക്രമം ഒരു സാധാരണക്കാരന് അനുയോജ്യമല്ല.

Leave a Reply

Your email address will not be published. Required fields are marked *