മാന്നാർ: പ്രകൃതി ദുരന്തത്തില്‍ എല്ലാംനഷ്ടപ്പെട്ട വയനാട്ടിലേക്ക് വിവിധയിടങ്ങളില്‍ നിന്നായി സഹായഹസ്തങ്ങള്‍ നീളുമ്ബോള്‍, ദുരന്തത്തിനിരയായ കുടുംബത്തിലെ പെണ്‍കുട്ടികള്‍ക്ക് ജീവിതം കൊടുക്കാൻ തയ്യാറായി രണ്ട് യുവാക്കള്‍.
ബുധനൂർ തയ്യൂർ കോമിലത്ത് കിഴക്കേതില്‍ ശ്രീനിവാസൻ നായരുടെയും ജയശ്രീയുടെയും മകൻ വിഷ്ണുകുമാർ(30), പരുമല കോട്ടയ്‌ക്കമാലില്‍ പരേതനായ സോമന്റെയും മാവേലിക്കര ഗവ.ആശുപത്രിയില്‍ നഴ്സിംഗ് അസിസ്റ്റന്റായ ലളിതയുടെയും മകൻ ദീപുരാജ് (സനു-31) എന്നിവരാണ് ദുരന്തത്തില്‍ എല്ലാംനഷ്ടപ്പെട്ട് പ്രയാസത്തിലായ യുവതികള്‍ക്ക് വിവാഹത്തിലൂടെ ശോഭനമായ ജീവിതം നല്‍കാൻ കാത്തിരിക്കുന്നത്.
മദ്ധ്യപ്രദേശിലെ കമ്ബനി ജോലിയില്‍ നിന്ന് പിരിഞ്ഞപ്പോള്‍ ലഭിച്ച തുകയില്‍ ആനയടിയില്‍ സഹോദരിയുടെ വീട്ടിനടുത്ത് വാങ്ങിയ വസ്തുവില്‍ വീട് നിർമ്മാണത്തിന് തുടക്കം കുറിച്ച വിഷ്ണു ഇപ്പോള്‍ അമ്മവീടായ മാന്നാർ ഇരമത്തൂർ മുണ്ടുവേലിലാണ് താമസം. വയനാട്ടിലെ ദുരന്തത്തില്‍ മനസ് വേദനിച്ച അമ്മയുടെ ആഗ്രഹപ്രകാരമാണ് വിഷ്ണു ഇങ്ങനൊരു തീരുമാനത്തിലെത്തിയത്. ഡ്രൈവിംഗ് അറിയാവുന്നത് കൊണ്ട് ഒരു ഓട്ടോ എടുത്ത് ജീവിതം മുന്നോട്ട് നയിക്കാൻ ആഗ്രഹിക്കുന്ന വിഷ്ണുവിന് യോജിച്ച ഒരു പെണ്‍കുട്ടിയെ വയനാട്ടില്‍ നിന്ന് തന്നെ ജീവിത സഖിയായി ലഭിക്കണമെന്ന പ്രാർത്ഥനയിലാണ് അമ്മ.
മിമിക്രിയിലും നാടൻപാട്ടിലും പ്രതിഭ തെളിയിച്ച ദീപുരാജ്, സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലി ചെയ്യുകയാണ്. കുട്ടനാട് നാടൻപാട്ട് കലാസമിതിയോടൊപ്പം പരിപാടികള്‍ അവതരിപ്പിക്കാറുള്ള ഈ യുവാവ് ചെട്ടികുളങ്ങരയില്‍ സ്ഥലം വാങ്ങി വീട് വച്ചുവരികയാണ്. തന്റെ ആഗ്രഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ വയനാട്ടില്‍ നിന്ന് ദീപുവിനെ തേടി നിരവധി ഫോണ്‍വിളികളാണ് എത്തുന്നത്. ശനിയാഴ്ച വൈകിട്ട് വയനാട്ടിലേക്ക് യാത്ര തിരിക്കാനുള്ള ഒരുക്കത്തിലാണ് ദീപുരാജ്. സോണി, കിങ്ങിണി എന്നിവരാണ് ദീപുവിന്റെ സഹോദരിമാർ.
