മംഗളൂരു: ഷിരൂരിലെ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായവർക്കായുള്ള നിർണായക തിരച്ചിലിനായി ഗോവയിൽ നിന്ന് പുറപ്പെട്ട ഡ്രഡ്ജർ കർണാടകയിലെ കാർവാർ തുറമുഖത്തെത്തി.
അർജുന്‍ ഉൾപ്പെടെ മൂന്ന് പേരെ കണ്ടെത്തുന്നതിനായാണ് തിരച്ചിൽ നടത്തുന്നത്. കഴിഞ്ഞ ജൂലൈ പതിനാറിനാണ് ഷിരൂരിലെ മണ്ണിടിച്ചിലില്‍ അർജുനൊപ്പം ലോറിയും കാണാതാവുന്നത്.
ടഗ് ബോട്ടുകളിലെത്തി ഡ്രഡ്ജർ കാർവാർ തുറമുഖത്ത് എത്തിയ ശേഷം, പ്രതികൂല കാലാവസ്ഥ കാരണം മുൻദിവസം യാത്ര നിർത്തിവെച്ചിരുന്നു. ബുധനാഴ്ച രാവിലെയാണ് യാത്ര പുനരാരംഭിച്ചത്. ഡ്രഡ്ജർ എത്തിക്കാൻ ആറ് മുതൽ ഒൻപത് മണിക്കൂർ വരെ വേണ്ടതിനാൽ, ഇന്ന് ഷിരൂരിലെത്താനാകില്ലെന്നും വ്യാഴാഴ്ച രാവിലെയായിരിക്കും യാത്ര തുടരുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
കാറ്റ്, തിരമാലകളുടെ ഉയരം, മഴ എന്നിവ നിരീക്ഷിച്ച ശേഷം ഷിരൂരിലേക്ക് പുറപ്പെടും. നാവികസേന നടത്തിയ സോണാർ പരിശോധനയിൽ കണ്ടെത്തിയ ലോഹ ഭാഗങ്ങൾ അടയാളപ്പെടുത്തിയ സ്ഥലത്താണ് ആദ്യഘട്ട തിരച്ചിൽ ആരംഭിക്കുക.
ഗോവയിലെ മർമഗോവ തുറമുഖത്തിൽ നിന്ന് ചൊവ്വാഴ്ച പുലർച്ചെയായാണ് ഡ്രഡ്ജർ പുറപ്പെട്ടത്, എന്നാൽ കാറ്റിന്റെ വേഗം കൂടിയതോടെ യാത്ര തടസപ്പെടുകയായിരുന്നു. സുരക്ഷിത ഇടത്ത് നിർത്തി ബുധനാഴ്ച പുലർച്ചെയോടെ യാത്ര പുനരാരംഭിച്ചതായും അധികൃതർ അറിയിച്ചു.
