Wayanad landslide | വയനാട് ദുരന്തഭൂമിയിൽ ജനകീയ തിരച്ചിൽ: ഇനി കണ്ടെത്താനുള്ളത് 131 പേരെ

വയനാട്: ചൂരൽമല ഉരുൾപൊട്ടലിന് പിന്നാലെയുള്ള ദുരന്തബാധിത പ്രദേശങ്ങളിൽ ഇന്ന് ജനകീയ തെരച്ചിൽ നടക്കും. നാട്ടുകാർ ഉൾപ്പെടെ ഈ തെരച്ചിലിൽ പങ്കെടുക്കും. ദുരന്ത മേഖലയെ അഞ്ഞൂറ് സോണുകളായി തിരിച്ചാണ് തെരച്ചിൽ നടക്കുന്നത്. ആരെയെങ്കിലും കണ്ടെത്താനാകുമോ എന്നതിനെ കുറിച്ച് അവസാന ശ്രമമാണിത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്.

ശനിയാഴ്ച പ്രധാനമന്ത്രി ഈ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. വെള്ളിയാഴ്ച രാവിലെ മുതൽ ഒരുദിവസം നീണ്ടുനിൽക്കുന്ന തെരച്ചിൽ നടത്താനാണ് ആദ്യം തീരുമാനിച്ചിരുന്നത്. എന്നാൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിന്റെ സുരക്ഷയുടെ ഭാഗമായി, നാളെ രാവിലെ ആറുമണിക്ക് തുടങ്ങുന്ന തെരച്ചിൽ 11 മണിക്ക് അവസാനിപ്പിക്കും.

നിലവിൽ തിരച്ചിൽ നടത്തുന്ന എൻഡിആർഎഫും, പോലീസ് സംഘവും, വിവിധ സന്നദ്ധസംഘടനകളും കൂടാതെ കൂടുതൽ നാട്ടുകാരും ഈ തെരച്ചിലിനായി എത്തിയിട്ടുണ്ട്. എല്ലാം നഷ്ടപ്പെട്ട ദുരിതാശ്വാസ ക്യാമ്പുകളിലുള്ള 190 പേർ ജനകീയ തെരച്ചിലിൽ പങ്കാളികളാകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ജില്ലാ ഭരണകൂടം പ്രത്യേക വാഹനങ്ങളിൽ ഇവരെ വിവിധ സോണുകളിൽ എത്തിക്കും. സൈന്യവും നിലവിലുള്ള ദൗത്യസംഘവും മുമ്പ് തെരച്ചിൽ നടത്തിയ സ്ഥലങ്ങളിൽ വീണ്ടും തെരച്ചിൽ നടത്തുകയാണ് ലക്ഷ്യം. മന്ത്രിമാരും എംഎൽഎമാരും ഉൾപ്പെടെ ജനകീയ തെരച്ചലിന്റെ ഭാഗമാകും. ഇതുവരെ തിരിച്ചറിയാത്ത 186 ശരീരഭാഗങ്ങളും 47 മൃതദേഹങ്ങളുമാണ് സംസ്കരിച്ചത്. ഇനിയും കണ്ടെത്താനുള്ളത് 131 പേരെയാണ്.

Leave a Reply

Your email address will not be published. Required fields are marked *