Suriya 44: നടൻ സൂര്യക്ക് പരിക്ക്; ‘സൂര്യ 44’ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തി

ചെന്നൈ: സംവിധായകൻ കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനിടെ നടൻ സൂര്യക്ക് പരിക്കേറ്റു. അദ്ദേഹത്തിന് തലയ്ക്കാണ് പരിക്കേറ്റതെങ്കിലും, പരിക്ക് ഗുരുതരമല്ലെന്ന് നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ അറിയിച്ചു. എക്‌സ് പോസ്റ്റിലൂടെ അദ്ദേഹം, സൂര്യയുടെ പരിക്ക് ചെറുതാണെന്നും ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും വ്യക്തമാക്കി.

‘സൂര്യ 44’ എന്ന താൽക്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രത്തിന്റെ ഊട്ടിയിലെ ചിത്രീകരണത്തിനിടെയാണ് സൂര്യക്ക് പരിക്കേറ്റത്. ആ അപകടത്തിന് ശേഷം, സൂര്യയെ ഊട്ടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും കുറച്ച് ദിവസത്തെ വിശ്രമം നിർദേശിക്കുകയും ചെയ്തു. അതിനാൽ, ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.

ഈ മാസം ആദ്യം ആരംഭിച്ച ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളിനിടെയാണ് അപകടം ഉണ്ടായത്. ആദ്യ ഷെഡ്യൂൾ അൻഡമാനിൽ പൂർത്തിയാക്കിയിരുന്നു. സൂര്യയുടെ പിറന്നാളിന് ചിത്രത്തിന്റെ ഒരു ഗ്ലിംസ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. സൂര്യയുടെ ബാനർ 2ഡി എന്റർടെയിൻമെന്റും സ്റ്റോൺ ബെഞ്ച് പ്രൊഡക്ഷനും ചേർന്നാണ് ‘സൂര്യ 44’ന്റെ നിർമ്മാണം.

സൂര്യ, ശിവ സംവിധാനം ചെയ്ത ‘കങ്കുവ’ പൂർത്തിയാക്കിയ ശേഷം ഈ ചിത്രത്തിൽ എത്തിയതാണെന്ന് റിപ്പോർട്ട്. ‘കങ്കുവ’ ഒരു വലിയ ബജറ്റിൽ ഒരുക്കുന്ന സൂര്യയുടെ ഏറ്റവും ചിലവേറിയ ചിത്രമാണെന്ന് കരുതപ്പെടുന്നു. പാൻ ഇന്ത്യൻ ചിത്രം ആയ ‘കങ്കുവ’യുടെ ആദ്യ ഭാഗം ഈ ഒക്ടോബറിൽ റിലീസ് ചെയ്യും. ചിത്രം നിർമിക്കുന്നത് ഗ്രീൻ സ്റ്റുഡിയോസാണ്.

Leave a Reply

Your email address will not be published. Required fields are marked *