‘യൂട്യൂബും മെറ്റയും എന്റെ ഉറക്കം കെടുത്തുന്നു’;പരാതിയുമായി കനേഡിയൻ പൗരൻ

ന്യൂഡൽഹി: 24-കാരനായ ഒരു കനേഡിയൻ പൗരൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ യൂട്യൂബ്, ടിക്ടോക്, ഇൻസ്റ്റാഗ്രാം, റെഡ്ഡിറ്റ്, ഫെയ്‌സ്ബുക്ക് എന്നിവയ്‌ക്കെതിരെ പരാതി നൽകി. ഈ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ യുവാക്കളെ കൂടുതൽ അടിമപ്പെത്തിക്കുന്നു എന്നും, ഇത് മാനസികാരോഗ്യത്തെ ദോഷകരമായി ബാധിക്കുകയാണെന്നും അദ്ദേഹം പരാതിയിൽ വ്യക്തമാക്കുന്നു. 2015 മുതൽ സോഷ്യൽ മീഡിയ ഉപയോഗിക്കുന്ന വ്യക്തിയാണ് താൻ എന്നും, ഇത് തന്റെ ഉൽപാദനക്ഷമതയെയും ശരീര പ്രതിച്ഛായയെയും ബാധിച്ചുവെന്നും, മറ്റ് പല പ്രശ്നങ്ങൾക്കും കാരണമായെന്നും അദ്ദേഹം ആരോപിക്കുന്നു.

ആപ്പുകളുടെ ആസക്തി സ്വഭാവം തന്നെ ഈ പ്രശ്നങ്ങൾക്ക് കാരണമായതായും, പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കളെ കൂടുതൽ ഇടപഴകുന്നവരാക്കാൻ ഡോപാമൈൻ അളവ് വർധിപ്പിക്കുന്നതിനായി മനഃപൂർവം രൂപകൽപ്പന ചെയ്‌തതാണെന്നും അദ്ദേഹം വാദിക്കുന്നു. ഒരു ദിവസം നാലു മണിക്കൂർ വരെ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതിൽ അദ്ദേഹം ചിലവഴിച്ചിരുന്നെന്നും, പിന്നീട് അത് ബോധപൂർവം രണ്ടു മണിക്കൂറായി കുറച്ചെങ്കിലും, അത് തന്റെ ഉറക്കത്തെയും ഉൽപാദനക്ഷമതയെയും പ്രതികൂലമായി ബാധിച്ചുവെന്നും പറയുന്നു.

ഈ പ്രശ്നം തനിക്കു മാത്രമല്ല, വിപുലമായ ഒരു സമൂഹത്തിനും ബാധിക്കുന്നതാണെന്നും, അതിനാൽ എല്ലാവർക്കും വേണ്ടിയാണ് നിയമ നടപടികൾക്ക് മുതിരുന്നതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ കേസിന്റെ സങ്കീർണത മനസിലാക്കി മാത്രമാണ് നിയമസ്ഥാപനമായ ലാംബെർട്ട് അവോക്കാറ്റ്സ് ഈ കേസ് ഏറ്റെടുത്തതെന്ന്, അതിന്റെ ഉദ്യോഗസ്ഥനായ ഫിലിപ്പ് ബ്രോൾട് അറിയിച്ചു.

കാനഡയിലെ ഏഴിനും പതിനൊന്നിനും ഇടയിൽ പ്രായമുള്ള 52 ശതമാനം കുട്ടികളും സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനാൽ, ഈ പ്ലാറ്റ്‌ഫോമുകൾ അവരുടെ ആരോഗ്യവും സുരക്ഷിതത്വവും ഉറപ്പാക്കേണ്ടതുണ്ടെന്ന് ബ്രോൾട് വ്യക്തമാക്കി. സോഷ്യൽ മീഡിയ ആപ്ലിക്കേഷനുകളുടെ നിലവിലെ രൂപകൽപ്പന ഉപയോക്താക്കളുടെ മാനസിക പരാധീനതകളെ ചൂഷണം ചെയ്യുകയും, അവരുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി സ്വാധീനിക്കുന്ന തരത്തിൽ സ്ഥിരമായ ഇടപഴകൽ സൃഷ്ടിക്കുകയും ചെയ്യുന്നുവെന്ന് ലാംബെർട്ട് അവോക്കാറ്റ്സ് വാദിക്കുന്നു. അതിനാൽ, ഈ കമ്പനികൾ തങ്ങളുടെ പ്ലാറ്റ്‌ഫോമുകൾ രൂപകൽപ്പന ചെയ്യുന്നതിലെ അശ്രദ്ധയ്ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് കേസ്.

Leave a Reply

Your email address will not be published. Required fields are marked *