ഷിരൂർ: മലയാളിയായ ലോറി ഡ്രൈവർ അർജുനെ കാണാതായ ഗംഗാവലി പുഴയിൽ നിന്ന് ലോഹഭാഗം കണ്ടെത്തിയിട്ടുണ്ട്. ടാങ്കറിന്റെ കാബിന്റെ ഭാഗമാണ് ലഭിച്ചതെന്ന് റിപ്പോർട്ട് ചെയ്യുന്നു.
നേവിയുടെ തെരച്ചിലിലാണ് ലോഹഭാഗം കണ്ടെത്തിയത്. എന്നാൽ, ഈ ഭാഗം തന്റെ ലോറിയുടേതല്ലെന്ന് അർജുന്റെ ലോറി ഉടമ മനാഫ് വ്യക്തമാക്കിയിട്ടുണ്ട്.
പത്തിലേറെ തവണ മുങ്ങൽ വിദഗ്‌ദ്ധൻ ഈശ്വർ മാൽപേ പുഴയിലിറങ്ങിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഇപ്പോഴും നേവി സംഘം പുഴയിലെ പരിശോധന തുടരുകയാണ്. അടിത്തട്ടിലെ മണ്ണ് തെരച്ചിലിന് വെല്ലുവിളിയായി തുടരുന്നു. അഞ്ച് മണിക്കൂറായിട്ടും ഒന്നും കണ്ടെത്താനായില്ലെന്ന് ഈശ്വർ മാൽപേ അറിയിച്ചു.
പുഴയുടെ അടിത്തട്ടിൽ അടിഞ്ഞ് കൂടിയ മണ്ണും മരങ്ങളും മുങ്ങിയുള്ള തെരച്ചിലിന് തടസം സൃഷ്ടിക്കുന്നു, എന്നാണ് കാർവാർ എംഎല്‍എ സതീഷ് സൈൽ പറഞ്ഞത്. അടിഞ്ഞ് കൂടിയ മണ്ണ് മാറ്റാതെ, പുഴയുടെ അടിത്തട്ടിൽ പരിശോധന നടത്തുന്നത് പ്രശ്നകരമാണ്. ഗോവയിൽ നിന്ന് ഡ്രെഡ്ജർ എത്തിക്കാൻ ശ്രമങ്ങൾ ആരംഭിച്ചുവെന്ന് എംഎൽഎമാർ അറിയിച്ചു.
തെരച്ചിലിൽ ഇതുവരെ ശുഭ സൂചനകളൊന്നുമില്ലെന്ന് ജില്ലാ ഭരണകൂടവും അറിയിച്ചു. ഉച്ചകഴിഞ്ഞും തെരച്ചിൽ തുടരും, പക്ഷേ നാളെ തിരച്ചിൽ ഉണ്ടാവില്ല. മറ്റന്നാൾ തിരച്ചിൽ പുനരാരംഭിക്കും.
