ചൈനീസ് റോക്കറ്റ് പൊട്ടിത്തെറിച്ചു,1000 ഉപഗ്രഹങ്ങള്‍ക്ക് വൻ ഭീഷണി, ബഹിരാകാശത്ത് ഞാണിന്മേല്‍ കളി; ആശങ്ക

ലോ എർത്ത് ഓർബിറ്റിൽ ചിതറിപ്പൊങ്ങിയ ചൈനീസ് റോക്കറ്റിന്റെ അവശിഷ്ടങ്ങൾ മറ്റ് ഉപഗ്രഹങ്ങൾക്കും ബഹിരാകാശത്തിലെ വസ്തുക്കൾക്കും വലിയ ഭീഷണിയാവുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

2024 ഓഗസ്റ്റ് 6-ന് 18 ‘ജി60’ ഉപഗ്രഹങ്ങളെ ലോ എർത്ത് ഓർബിറ്റിൽ എത്തിക്കുന്നതിനായി ലോങ്മാർച്ച്‌ 6എ റോക്കറ്റ് വിക്ഷേപിച്ചിരുന്നു. ചൈനീസ് അക്കാദമി ഓഫ് സയൻസസിന്റെ കീഴിലുള്ള ഇനൊവേഷൻ അക്കാദമി ഫോർ മൈക്രോസാറ്റലൈറ്റ്സുമായി സഹകരിച്ച് ഷാങ്ഹായ് സ്പേസ്കോം സാറ്റലൈറ്റ് ടെക്നോളജി ആണ് ഈ ജി-60 ഉപഗ്രഹ ശൃംഖല വികസിപ്പിച്ചത്. ചൈനയുടെ പദ്ധതി 14,000 ഉപഗ്രഹങ്ങളടങ്ങിയ ശൃംഖല സ്ഥാപിക്കാനാണ്.

റോക്കറ്റ് ഉപഗ്രഹങ്ങൾ വിന്യസിച്ചതിന് ശേഷം മുകളിലുള്ള ഭാഗം പൊട്ടിത്തെറിക്കുകയും ഇതോടെ ബഹിരാകാശത്ത് 700-ലേറെ അവശിഷ്ടങ്ങൾ ചിതറിത്തെറിക്കുകയും ചെയ്തു. 900-ലേറെ കഷണങ്ങൾ നിലനിൽക്കുന്നുവെന്നാണ് പുതുതായി ലഭ്യമായ നിരീക്ഷണം. ഈ അവശിഷ്ടങ്ങൾ, ഭ്രമണപഥത്തിൽ വർഷങ്ങളോളം തുടരുന്നതിനാൽ, ലോകം മുഴുവനുമുള്ള ആയിരക്കണക്കിന് ഉപഗ്രഹങ്ങൾക്കും ലോ എർത്ത് ഓർബിറ്റിൽ പ്രവർത്തിക്കുന്ന മറ്റ് വസ്തുക്കൾക്കും നിലനില്ക്കുന്ന വലിയ അപകടം ഉണ്ട്.

റോക്കറ്റ് തകരാനുണ്ടായ കാരണം ഇതുവരെ വ്യക്തമല്ല. ചൈന ഇക്കാര്യത്തിൽ വിശദീകരണം നൽകാത്തതോടെ, മറ്റ് വസ്തുക്കളുമായി കൂട്ടിയിടിച്ചോ റോക്കറ്റ് ഇന്ധനത്തിന്റെ പൊട്ടിത്തെറിയോ ആയിരിക്കാമെന്നു കരുതുന്നു.

മുന്‍പും 2022-ൽ സമാനമായ രീതിയില്‍ ലോങ്മാർച്ച്‌ 6എ റോക്കറ്റ് തകർന്നിരുന്നു. ഇത്തവണയും ചൈനയുടെ ഈ സംഭവത്തെ ചൊല്ലി പാശ്ചാത്യ രാജ്യങ്ങളിൽ നിന്നും ശക്തമായ വിമര്‍ശനം ഉയരുന്നു. വരും ദിവസങ്ങളിൽ, ഈ അവശിഷ്ടങ്ങൾ മറ്റ് ഉപഗ്രഹങ്ങളുമായി കൂട്ടിയിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഒഴിവാക്കാൻ ചില ഉപഗ്രഹങ്ങൾക്ക് ഭ്രമണപഥം മാറ്റിയേക്കാമെങ്കിലും, നിയന്ത്രണം ഇല്ലാത്ത ഈ അവശിഷ്ടങ്ങളെ ഒഴിവാക്കുന്നത് വളരെ പ്രയാസകരമായിരിക്കുമെന്നും വിദഗ്ദർ മുന്നറിയിപ്പ് നൽകുന്നു.

Leave a Reply

Your email address will not be published. Required fields are marked *