ഗസ്സ : ഇസ്രായേല്‍ ആക്രമണത്തില്‍ 24 മണിക്കൂറിനിടെ, 40 പേർ കൂടി കൊല്ലപ്പെട്ടതോടെ ഇതുവരെ ഗസ്സയില്‍ കൊല്ലപ്പെട്ട ഫലസ്തീനികള്‍ 39,623 ആയി.
71 പേർക്ക് കൂടി തിങ്കളാഴ്ച പരിക്കേറ്റു.
ആകെ പരിക്കേറ്റവർ 91,469 ആണ്. സെൻട്രല്‍ ഗസ്സയില്‍ സാധാരണക്കാരുടെ വാഹനത്തിനുമേല്‍ ബോംബിട്ട് ഇസ്രായേല്‍ എട്ടുപേരെ കൊലപ്പെടുത്തി. ഗസ്സ ദേശീയ സമ്ബദ് വ്യവസ്ഥ മന്ത്രാലയം അണ്ടർ സെക്രട്ടറി അബ്ദുല്‍ ഫത്താഹ് അല്‍ സുറൈഇ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു.
അതിനിടെ, 84 ഫലസ്തീനികളുടെ മൃതദേഹം ഇസ്രായേല്‍ സൈന്യം കരീം അബു സാലിം അതിർത്തിയില്‍ കൈമാറി. ആരുടേതെന്ന് വ്യക്തമായില്ലെങ്കിലും മൃതദേഹങ്ങള്‍ ഖാൻ യൂനുസില്‍ സംസ്കരിച്ചു.
എപ്പോള്‍, എങ്ങനെയാണ് ഇവർ കൊല്ലപ്പെട്ടതെന്ന് സൈന്യം വ്യക്തമാക്കിയിട്ടില്ല. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ 25 ഫലസ്തീനികളെ കൂടി ഇസ്രായേല്‍ അറസ്റ്റ് ചെയ്തു.
ഒക്ടോബർ ഏഴിനു ശേഷം 9955 ഫലസ്തീനികള്‍ വെസ്റ്റ് ബാങ്കില്‍ അറസ്റ്റിലായിട്ടുണ്ട്. മല്‍കിയയിലെ ഇസ്രായേല്‍ സൈനിക കേന്ദ്രം ആക്രമിച്ചതായി ഹിസ്ബുല്ല അവകാശപ്പെട്ടു.
