ഷിരൂർ: മണ്ണിടിച്ചിലുണ്ടായ ഷിരൂരില്‍ ജീർണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തി. കടല്‍ തീരത്തോടുചേർന്നുള്ള പ്രദേശത്ത്നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
എന്നാല്‍ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം ആരുടേതെന്ന് തിരിച്ചറിയാൻ ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം.
ജീർണിച്ച അവസ്ഥയിലുള്ള മൃതദേഹം പുരുഷന്റെയെന്നും സൂചനയുണ്ട്. മത്സ്യത്തൊഴിലാളികളാണ് മൃതദേഹം കണ്ടത്. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. വിവരത്തിൻ്റെ അടിസ്ഥാനത്തില്‍ ഈശ്വർ മല്‍പെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്. ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രംഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശമുണ്ട്. ഇതും ചേർത്ത് പരിശോധിക്കണമെന്ന് കുടുംബം പറയുന്നു.
