തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി 555 പുതിയ ഡീസൽ ബസുകൾ വാങ്ങാന്‍ തീരുമാനിച്ചു. ഗ്രാമീണ റൂട്ടുകളിലേക്കായി കൂടുതൽ മിനി ബസുകളും ദീർഘദൂര സർവീസുകൾക്കായി സ്ലീപ്പർ/സെമി സ്ലീപ്പർ ബസുകളും ഉള്‍പ്പെടുന്നു.
വ്യാഴാഴ്ച ഗതാഗത മന്ത്രിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ബസുകൾ വാങ്ങാനുള്ള തീരുമാനം എടുത്തു. 93 കോടി രൂപയാണ് ബസ് വാങ്ങുന്നതിനായി ഉപയോഗിക്കുക. ടേക്ക് ഓവർ സർവീസുകൾക്കായി 220 ഫാസ്റ്റ് പാസഞ്ചർ ബസുകൾ വാങ്ങും.
നേരത്തെ ടെൻഡർ വിളിച്ച 220 ബസുകൾക്കൊപ്പം 305 ഗ്രാമീണ സർവീസുകൾക്കും ബസുകൾ ലഭ്യമാക്കും. സ്ലീപ്പർ, സെമി സ്ലീപ്പർ ബസുകൾ ഏതു റൂട്ടുകളിലേക്കും ഡിപ്പോകളിൽ നിന്നുമാണ് ഓപ്പറേറ്റ് ചെയ്യേണ്ടതെന്ന് യൂണിറ്റ് അധികാരികൾ ഒരാഴ്ചയ്ക്കകം അറിയിക്കണം.
സൂപ്പർഫാസ്റ്റ് പ്രീമിയം, എ.സി സ്ലീപ്പർ/സെമി സ്ലീപ്പർ ബസുകളിൽ മൊബൈൽ ചാർജിംഗ് പോയിന്റ്, എ.സി, വൈഫൈ, കുപ്പിവെള്ളം, സ്നാക്സ് എന്നിവ ലഭ്യമാകും. ബസുകളുടെ പ്രത്യേകതകളും ഉൾപ്പെടുത്തി പുതിയ ബസുകൾ ഉടൻ സർവീസിന് എത്തുമെന്ന് അധികൃതർ അറിയിച്ചു.
