കേരളത്തിലും നാളെ ഹര്‍ത്താല്‍ നടത്തും

തിരുവനന്തപുരം: ഭാരത് ബന്ദിന്റെ ഭാഗമായി നാളെ കേരളത്തിലും ഹർത്താൽ നടത്താൻ തീരുമാനിച്ചിരിക്കുകയാണ്. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളെ സംവരണാനുകൂല്യങ്ങളില്‍ നിന്ന് ഒഴിവാക്കണമെന്ന സുപ്രീംകോടതി വിധിക്കെതിരെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നു.

ഭീം ആർമിയും വിവിധ ദളിത്-ബഹുജന്‍ സംഘടനകളും ചേർന്നാണ് ബുധനാഴ്ച ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്. കേരളത്തിലെ വിവിധ സംഘടനകളും ഈ പ്രതിഷേധത്തിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രകൃതി ദുരന്തങ്ങളും അവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും തുടരുന്ന സാഹചര്യത്തില്‍ വയനാട് ജില്ലയെ ഹർത്താലില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

മലയഅരയ സംരക്ഷണസമിതി, ഊരുകൂട്ട ഏകോപന സമിതി, ഗോത്രമഹാസഭ, എം.സി.എഫ്, ദലിത് സാംസ്‌കാരികസഭ, കേരള സാംബവ സൊസൈറ്റി, കേരള ഉള്ളാട നവോഥാനസഭ എന്നിവയാണ് ഹർത്താലിന് നേതൃത്വം നൽകുന്ന പ്രധാന സംഘടനകൾ. ഹർത്താൽ രാവിലെ ആറു മണി മുതൽ വൈകിട്ട് ആറ് വരെ തുടരും. ബി.എസ്.പിയുടെ കേരള ഘടകവും ഹർത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

പൊതുഗതാഗതം, സ്കൂളുകൾ, പരീക്ഷകൾ തുടങ്ങിയവയെ ഹർത്താൽ ബാധിക്കില്ല. ഹർത്താലിൽ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാനാവില്ലെന്നും, പക്ഷേ, പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കാമെന്നും അറിയിച്ചിട്ടുണ്ട്.

സുപ്രീംകോടതി വിധി അനീതി നിറഞ്ഞതാണ് എന്ന് ആരോപിക്കുന്ന സംഘടനകൾ, ഈ വിധി മറികടക്കാൻ പാർലമെന്റ് നിയമനിർമ്മാണം നടത്തണമെന്ന് ആവശ്യപ്പെടുകയാണ്. 2.5 ലക്ഷം രൂപ വരുമാന പരിധിയുള്ള ക്രീമിലെയർ നയങ്ങൾ റദ്ദാക്കണമെന്നും, എസ് സി, എസ് ടി പട്ടിക സംരക്ഷിക്കണമെന്നും ഹർത്താലിലൂടെ മുന്നോട്ട് വെക്കുന്ന പ്രധാന ആവശ്യങ്ങളാണ്.

ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും ബന്ദ് ശക്തമായിരിക്കുമെന്ന സൂചനകളുടെ പശ്ചാത്തലത്തിൽ, അക്രമസാധ്യത കണക്കിലെടുത്ത് വിവിധ സംസ്ഥാനങ്ങളിലെ പൊലീസിന് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എങ്കിലും, അടിയന്തര സേവനങ്ങൾ, ആശുപത്രി, ആംബുലൻസ്, പാൽ, പത്രം തുടങ്ങിയവയെ ബന്ദ് ബാധിക്കില്ല.

Leave a Reply

Your email address will not be published. Required fields are marked *