വയനാട് ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവർക്ക് തണലൊരുക്കാൻ തന്റെ പേരിലുള്ള ഭൂമി ദാനമായി വിട്ടുകൊടുത്തു യുവതി. കോട്ടത്തറ സ്വദേശിനി അജിഷ ഹരിദാസും ഭർത്താവ് ഹരിദാസും ചേർന്ന് 20 സെന്റ് സ്ഥലം ദുരിതബാധിതർക്ക് നല്‍കി. ഇവരുടെ ഭൂമിയുടെ രേഖകൾ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
നിലവിൽ തൃശൂർ കെഎസ്എഫ്ഇ ഈവനിംഗ് ബ്രാഞ്ചിൽ സ്പെഷ്യൽ ഗ്രേഡ് അസിസ്റ്റന്റ് ആയി ജോലി ചെയ്യുന്ന അജിഷ, കർഷക കുടുംബത്തിൽ ജനിച്ചവളാണ്. 2009-ൽ വീടുവയ്ക്കുന്നതിനായി അജിഷയുടെ മാതാപിതാക്കളായ ജയചന്ദ്രനും ഉഷ കുമാരിയും വയനാട് കമ്പളക്കാട് വാങ്ങിയ 20 സെന്റ് സ്ഥലമാണ് ഇവർ ദുരിതബാധിതർക്ക് വീട് വയ്ക്കാനായി സർക്കാരിന് നൽകിയത്. അച്ഛനും അമ്മയും സഹോദരന്റെ വീട്ടിൽ സുരക്ഷിതരായതിന്റെ അടിസ്ഥാനത്തിലാണ്, എല്ലാം നഷ്ടപ്പെട്ടവർക്കായി തന്റെ പേരിലുള്ള ഭൂമി നൽകണമെന്ന് അജിഷയും ഭർത്താവ് ഹരിദാസും ഒരുമിച്ച് തീരുമാനിച്ചതെന്ന് അവർ അറിയിച്ചു.
