ഷിരൂരില്‍ അര്‍ജുൻ ദൗത്യം ഇന്ന് വീണ്ടും തുടങ്ങും; ലോറി കണ്ടെത്താൻ സോണാര്‍ പരിശോധന

ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉള്‍പ്പെടെയുള്ളവർക്കായി ഗംഗാവലി പുഴയില്‍ നാവികസേനയുടെ പരിശോധന ഇന്ന് വീണ്ടും തുടങ്ങും.

ലോറിയുടെ സ്ഥാനം കൃത്യമായി കണ്ടെത്താൻ സോണാർ പരിശോധന നടത്തും.നേരത്തെ മാർക്ക് ചെയ്ത രണ്ട് സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചാകും ഇന്നത്തെ പരിശോധന.

രാവിലെ ഒൻപതോടെ കാർവാറില്‍ നിന്നുള്ള നാവികസേന അംഗങ്ങള്‍ ഷിരൂരില്‍ എത്തും. ഗംഗാവലി പുഴയുടെ ഒഴുക്കിൻ്റെ വേഗത അറിയാനുള്ള പരിശോധനയും നടത്തും. ഇതിന് ശേഷമായിരിക്കും നാവിക സേനയുടെ മുങ്ങല്‍ വിദഗ്ധർ പുഴയില്‍ മുങ്ങിയുള്ള പരിശോധന നടത്തണോ എന്നുള്ള കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കുക.

ദൗത്യം പുനരാരംഭിക്കാൻ വൈകുന്നതില്‍ അർജുൻറെ കുടുംബം ഉത്തര കന്നഡ ജില്ലാ ഭരണകൂടത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു. തെരച്ചില്‍ ആരംഭിച്ചില്ലെങ്കില്‍ ഷിരൂരില്‍ കുടുംബം ഒന്നടങ്കം പ്രതിഷേധിക്കുമെന്നാണ് അർജുൻറെ സഹോദരിയുടെ ഭർത്താവ് ജിതിൻ നേരത്തെ പ്രതികരിച്ചത്.

തെരച്ചില്‍ ആരംഭിക്കാൻ കേരള സർക്കാർ കർണാടക സർക്കാരില്‍ സമ്മർദം ശക്തമാക്കിയതിനിടെയാണ് നാവിക സേനയുടെ പരിശോധന. നിലവില്‍ കർണാടക സർക്കാർ പറയുന്ന കാര്യങ്ങള്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും കേരള സർക്കാർ സമ്മർദം തുടരുന്നുണ്ടെന്നുമാണ് മന്ത്രി എകെ ശശീന്ദ്രൻ വൈകിട്ട് പ്രതികരിച്ചത്. തെരച്ചില്‍ തുടരുമെന്ന് കർണാടക ഉറപ്പ് നല്‍കിയിട്ടുണ്ട്. അർജുൻറെ കുടുംബത്തിൻറെ ആശങ്ക കർണാടക മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *