ആപ്പിള്‍ ഐഫോണ്‍ 16 സീരീസ് സ്മാർട്ഫോണുകള്‍ അടുത്ത മാസം പുറത്തിറങ്ങാനിരിക്കെ, ഇന്ത്യയിലെ ഫാക്ടറികളില്‍ ഇതിനുള്ള തയ്യാറെടുപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. ചെന്നൈയിലെ ഫോക്സ്കോണ്‍ ഫാക്ടറിയില്‍ ഐഫോണ്‍ 16 പ്രോ, പ്രോ മാക്സ് മോഡലുകളുടെ നിര്‍മ്മാണത്തിനുള്ള പരിശീലനം ആരംഭിച്ചുവെന്ന് ബ്ലൂംബെർഗ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
തമിഴ്നാട്ടിലെ ശ്രീപെരുമ്ബത്തൂരിലുള്ള ഫോക്സ്കോണ്‍ ഫാക്ടറിയില്‍ ഐഫോണ്‍ ഉത്പാദനം നടക്കുന്നതായി സ്ഥിരീകരിക്കപ്പെട്ടു. ‘ന്യൂ പ്രൊഡക്റ്റ് ഇൻട്രൊഡക്ഷൻ’ എന്ന നടപടി ക്രമത്തിന്റെ ഭാഗമായി, ഐഫോണ്‍ 16 ഔദ്യോഗികമായി പുറത്തിറങ്ങിയ കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ചെന്നൈയില്‍ നിന്നുള്ള ഉത്പാദനം സജീവമാകും.
ആപ്പിളിന്റെ മറ്റ് ഇന്ത്യൻ നിര്‍മ്മാണ പങ്കാളികളായ പെഗട്രോണ്‍, ടാറ്റ ഗ്രൂപ്പ് എന്നിവയും പ്രോ മോഡലുകളുടെ ഉത്പാദനം ആരംഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഐഫോണ്‍ 16 സീരീസ് പുറത്തിറങ്ങിയ ഉടന്‍ ഇന്ത്യയില്‍ നിര്‍മ്മിച്ച ബേസ് മോഡലായ ഐഫോണ്‍ 16 ആഗോള വിപണിയില്‍ എത്തുമെന്നാണ് പ്രതീക്ഷ.
ഇന്ത്യയില്‍ ഈ പുതിയ മോഡലുകളുടെ ഉത്പാദനം സജീവമായാല്‍, ഐഫോണ്‍ മോഡലുകളുടെ വിലയില്‍ വലിയ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം.
