സംസ്ഥാന പിന്നോക്ക വിഭാഗ വികസന കോർപ്പറേഷൻ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട പ്രൊഫഷണലുകൾക്ക് സ്റ്റാർട്ട് അപ്പ് സംരംഭം ആരംഭിക്കാൻ സ്റ്റാർട്ട് അപ്പ് വായ്പാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. പരമാവധി 20 ലക്ഷം രൂപ വരെ വായ്പ ലഭ്യമാക്കുന്നതാണ്. കുടുംബവാർഷിക വരുമാനം 3 ലക്ഷം രൂപ വരെ ഉള്ള ഒ.ബി.സി പ്രൊഫഷണലുകൾക്ക് അപേക്ഷിക്കാവുന്നതാണ്. വായ്പ 6–8 ശതമാനം വരെ പലിശനിരക്കിൽ ലഭിക്കും, തിരിച്ചടവ് കാലാവധി പരമാവധി 84 മാസം വരെ നൽകപ്പെടും.
അപേക്ഷകർ പ്രൊഫഷണൽ കോഴ്‌സുകൾ (എം.ബി.ബി.എസ്, ബി.ഡി.എസ്, ബി.എ.എം.എസ്, ബി.എസ്.എം.എസ്, ബി.ടെക്, ബി.എച്ച്.എം.എസ്, ബി.ആർക്ക്, വെറ്ററിനറി സയൻസ്, ബി.എസ്.സി അഗ്രിക്കൾച്ചർ, ബിഫാം, ബയോടെക്നോളജി, ബി.സി.എ, എൽ.എൽ.ബി, എം.ബി.എ, ഫുഡ് ടെക്‌നോളജി, ഫൈൻ ആർട്സ്, ഡയറി സയൻസ്, ഫിസിക്കൽ എഡ്യൂക്കേഷൻ, ഫോട്ടോഗ്രഫി, വീഡിയോഗ്രഫി എന്നിവ) വിജയകരമായി പൂർത്തീകരിച്ചവരായിരിക്കണം. പ്രായം 40 വയസ്സ് കവിയരുത്.
പദ്ധതി പ്രകാരം മെഡിക്കൽ/ആയുര്‍വേദ/ഹോമിയോ/സിദ്ധ/ദന്ത് ക്ലിനിക്, വെറ്ററിനറി ക്ലിനിക്, സിവിൽ എഞ്ചിനീയറിംഗ് കൺസൽട്ടൻസി, ആർകിടെക്റ്ററൽ കൺസൽട്ടൻസി, ഫാർമസി, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ്, ഡയറി ഫാം, അക്വാക്കൾച്ചർ, ഫിറ്റ്‌നസ് സെന്റർ, ഫുഡ് പ്രോസസ്സിങ് യൂണിറ്റ്, ഓർക്കിഡ് ഫാം, ടിഷ്യു കള്ചർ ഫാം, വീഡിയോ പ്രൊഡക്ഷൻ യൂണിറ്റ്, എഞ്ചിനീയറിങ് വർക്ക്‌ഷോപ്പ് എന്നിവിടങ്ങളിൽ പ്രൊഫഷണൽ യോഗ്യതയുമായി ബന്ധപെട്ട വരുമാനദായകമായ നിയമാനുസൃത സംരംഭങ്ങൾ ആരംഭിക്കാൻ വായ്പ ലഭ്യമാകും. പദ്ധതി അനുസരിച്ച് 95 ശതമാനം വരെ വായ്പ അനുവദിക്കും, ബാക്കി തുക ഗുണഭോക്താവാണ് കണ്ടെത്തേണ്ടത്.
വായ്പാ തുകയുടെ 20 ശതമാനം (പരമാവധി 2 ലക്ഷം രൂപ) പിന്നാക്ക വിഭാഗ വികസന വകുപ്പ് സബ്സിഡിയായി അനുവദിക്കും. ഈ തുക അപേക്ഷകന്റെ വായ്പാ അക്കൗണ്ടിൽ താൾ വരവ് വെക്കുന്നതാണ്. താൽപര്യമുള്ളവർ കോർപ്പറേഷന്റെ ജില്ലാ/ഉപജില്ലാ ഓഫീസുകളിൽ നിന്ന് അപേക്ഷാ ഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകൾ സഹിതം സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് www.ksbcdc.com സന്ദർശിക്കുക. ഫോൺ: 04884 252523.
