കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിച്ച ക്രിക്കറ്റ് താരം എസ് ശ്രീശാന്ത്, ആരെയും തെളിവില്ലാതെ കുറ്റപ്പെടുത്തുക എളുപ്പമാണെന്നും എന്നാൽ അതിന് തെളിവ് ലഭിക്കുംവരെ പിന്തുണ നൽകാൻ പാടില്ലെന്നും അഭിപ്രായപ്പെട്ടു.
“തെറ്റ് ചെയ്താൽ ശിക്ഷിക്കപ്പെടണം, എന്നാൽ തെറ്റ് ചെയ്യുകയാണെന്ന് മാത്രമല്ല, അതിനെക്കുറിച്ച് ആരോപണമുയർന്നാൽ ക്ഷമയോടെ കാത്തിരിക്കണം,” ശ്രീശാന്ത് പറഞ്ഞു. ഒരു വ്യക്തിക്കെതിരായ ആരോപണങ്ങൾ ആ വ്യക്തിയെയും, അവരുടെ കുടുംബത്തെയും ബാധിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തന്റെ ക്രിക്കറ്റ് ജീവിതത്തിൽ നേരിട്ട വാതുവെപ്പ് ആരോപണങ്ങൾക്കുള്ള മറുപടിയായി ശ്രീശാന്ത് വെറുതെ ആരെയും കുറ്റപ്പെടുത്തരുത് എന്ന അഭ്യർത്ഥനയും മുന്നോട്ടുവച്ചു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിനെ തുടർന്ന് നിരവധി സിനിമാതാരങ്ങൾക്കെതിരെയും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. നടൻ മുകേഷ്, മണിയൻപിള്ള രാജു, ഇടവേള ബാബു, ജയസൂര്യ, ബാബു രാജ്, സിദ്ദിഖ്, റിയാസ് ഖാൻ, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ് ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്.
