തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും, ആറിടങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർഗോഡ് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പ്.
സൗരാഷ്ട്ര-കച്ച് മേഖലക്ക് മുകളിലെ അതി തീവ്ര ന്യൂനമർദ്ദം വടക്കുകിഴക്കൻ അറബിക്കടലിലേക്കെത്താൻ സാധ്യതയുള്ളതിനാൽ, കേരളത്തിൽ അടുത്ത ദിവസങ്ങളിലും വ്യാപകമായി മഴയ്ക്ക് സാധ്യതയുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ഓഗസ്റ്റ് 30 ന് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്കും ഓഗസ്റ്റ് 28 മുതൽ സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
കേരള-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ, മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
വടക്കുകിഴക്കൻ അറബിക്കടൽ, ബംഗാൾ ഉൾക്കടൽ, ഗൾഫ് ഓഫ് മന്നാർ, തെക്കൻ തമിഴ്നാട് തീരം, കർണാടക തീരം, കേരളം തീരങ്ങൾ, ലക്ഷദ്വീപ് പ്രദേശം തുടങ്ങിയയിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്. 29/08/2024 മുതൽ 31/08/2024 വരെയുള്ള ദിവസങ്ങളിൽ കേരള-ലക്ഷദ്വീപ് തീരങ്ങളിലും, 31/08/2024 വരെ കർണാടക തീരത്തും ഇത് തുടരുമെന്നാണ് മുന്നറിയിപ്പ്.
