കൊച്ചി: ലൈംഗികാതിക്രമ കേസില്‍ നടന്മാരായ ഇടവേള ബാബു, മണിയൻപിള്ള രാജു എന്നിവർക്കെതിരെ കേസെടുത്തു. എറണാകുളം നോർത്ത് പൊലീസ് ആണ് കേസെടുത്തത്.
പ്രൊഡക്ഷൻ കണ്‍ട്രോളർ നോബിളിനെതിരെയും കേസെടുത്തിട്ടുണ്ട്. നടിയുടെ പരാതിയില്‍ നടൻ മുകേഷ്, ജയസൂര്യ, ലോയേഴ്സ് കോണ്‍ഗ്രസ് നേതാവ് വി.എസ്. ചന്ദ്രശേഖരൻ എന്നിവർക്കെതിരെയും കേസുകൾ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ‘ഡാ തടിയാ’ സിനിമയുടെ സെറ്റില്‍ മണിയൻപിള്ള രാജു ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ‘അമ്മ’യില്‍ അംഗത്വം വാഗ്ദാനം ചെയ്ത് ഇടവേള ബാബു ലൈംഗികാതിക്രമം നടത്തിയെന്നും പരാതിയിൽ പറയുന്നുണ്ട്.
കഴിഞ്ഞ 26-ാം തീയതി നടി മുകേഷ് അടക്കമുള്ള സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. തുടർന്ന്, പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ കേസുകൾ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
