‘ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിൻ്റെ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വെളിച്ചത്തുവരുമ്ബോള്‍, ഞങ്ങള്‍ ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുന്നു’ : സാമന്ത റൂത്ത് പ്രഭു

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ പുറത്തുവന്നതിന് പിന്നാലെ വിമൻ ഇൻ സിനിമാ കളക്ടീവിന് (ഡബ്ല്യുസിസി) പിന്തുണ അറിയിച്ച് നടി സാമന്ത റൂത്ത് പ്രഭു.

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത ഡബ്ല്യുസിസിയിലെ അംഗങ്ങളെ അഭിനന്ദിച്ചത്. സിനിമാ വ്യവസായത്തിലെ സ്ത്രീകൾക്കായി സുരക്ഷിതവും നീതിയുക്തവുമായ തൊഴിൽ അന്തരീക്ഷം ഉറപ്പാക്കാൻ ഡബ്ല്യുസിസി തുടരുന്ന നീണ്ട പരിശ്രമത്തെ നടി പ്രശംസിച്ചു.

“വർഷങ്ങളായി, കേരളത്തിലെ വിമൻ ഇൻ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) അവിശ്വസനീയമായ പ്രവർത്തനങ്ങളെ പിന്തുടരുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ ഗുരുതരമായ പ്രത്യാഘാതങ്ങൾ വെളിച്ചത്തുവരുമ്പോൾ, ഡബ്ല്യുസിസിയോട് കടപ്പെട്ടിരിക്കുകയാണ്,” എന്നാണ് സാമന്തയുടെ പ്രതികരണം.

“സുരക്ഷിതവും മാന്യവുമായ ജോലിസ്ഥലം ലഭ്യമാക്കുക ഒരു അടിസ്ഥാന ആവശ്യമാണെങ്കിലും, അതിനായി പലരും ഇപ്പോഴും പോരാടേണ്ടി വരുന്നു. എന്നിരുന്നാലും, അവരുടെ പരിശ്രമം പാഴായില്ല. ഇത് വലിയൊരു മാറ്റത്തിന്റെ തുടക്കമാണെന്നാണ് പ്രതീക്ഷ. ഡബ്ല്യുസിസിയിലെ സുഹൃത്തുക്കളും സഹോദരിമാരും അഭിനന്ദനങ്ങൾ അർഹിക്കുന്നു,” എന്നും സാമന്ത കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *