തിരുവനന്തപുരം: ‘ബ്രോ ഡാഡി’ സിനിമയുടെ അസിസ്റ്റന്റ് ഡയറക്‌ടർ മൻസൂർ റഷീദിനെതിരെ ലൈംഗിക പീഡനത്തിന് യുവതി പരാതി ഉന്നയിച്ചു. മൻസൂറിനെ കൊല്ലം ജില്ലയിൽ സിപിഎം നേതൃത്വമാണ് സംരക്ഷിക്കുന്നതെന്നും യുവതി ആരോപിക്കുന്നു.
സിപിഎം ക്ലാപ്പന വെസ്റ്റ് ലോക്കൽ കമ്മിറ്റിയംഗം ജെ കുഞ്ഞി ചന്തുവാണ് മൻസൂറിനെ സംരക്ഷിക്കുന്നത്. ഹൈദരാബാദിലെ ഹോട്ടലിൽ, ശീതളപാനീയത്തിൽ മയക്കുമരുന്നു കലർത്തി ബോധംകെടുത്തിയ ശേഷം പീഡിപ്പിച്ചുവെന്നാണു യുവതിയുടെ പരാതി. പ്രൊഡക്ഷൻ സംഘം മേക്ക് മൈ ട്രിപ്പ് വഴി റൂം ടിക്കറ്റുകൾ ബുക്ക് ചെയ്തതിന്റെ തെളിവുകൾ യുവതിയുണ്ടെന്ന് അവർ പറയുന്നു.
യുവതിയുടെ പരാതിയനുസരിച്ച്, ഹൈദരാബാദ് പൊലിസ് ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചിട്ടുണ്ട്, മൻസൂർ റഷീദിനെതിരെയുള്ള അന്വേഷണത്തിൽ കേരളത്തിലെത്തിയപ്പോള്‍, ഇയാൾ ഒളിവിൽ കഴിഞ്ഞിട്ടുണ്ടെന്നും ഫോണിന്റെ ട്രാക്കിംഗ് രേഖകൾ അടക്കം ഇതിനുള്ള തെളിവുകളും ലഭ്യമായതായും യുവതി പറഞ്ഞു.
എമ്ബുരാൻ സിനിമയിലേക്ക് മൻസൂറിനെ ഉൾപ്പെടുത്തിയതിനെത്തുടർന്ന്, യുവതി പ്രതിഷേധമറിയിച്ചതിന് ശേഷമാണ്, അദ്ദേഹത്തെ നീക്കിയതെന്ന് അണിയറപ്രവർത്തകർ പിന്നീട് അറിയിച്ചതായും അവർ ആരോപിക്കുന്നു.
തനിക്കും കുഞ്ഞിനുമെതിരേ പ്രാദേശിക സിപിഎം നേതാക്കളുടെയും പാർട്ടിയുടെയും സഹായത്തോടെ ദുഷ്പ്രചാരണങ്ങൾ നടത്തി. തന്റെ കുടുംബജീവിതം തകർത്തതിന് പകവീട്ടാൻ മൻസൂർ ശ്രമിച്ചതായും, ജീവഭയത്തിൽ ഒളിച്ചാണ് ഇപ്പോൾ ജീവിക്കുന്നത് എന്നും യുവതി വ്യക്തമാക്കി.
തിരുവനന്തപുരം റെയ്ഞ്ച് ഡിഐജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി വിഭാഗത്തിന് ഇന്ന് മെയിൽ വഴി പരാതി നൽകുമെന്നും, ഹൈദരാബാദിലെ പരാതിയുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും യുവതി വ്യക്തമാക്കി.
