അറബിക്കടലില്‍ ചുഴലിക്കാറ്റിന് സാധ്യത ; സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്കുള്ള സാധ്യതയെ തുടർന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ്. വടക്ക് കിഴക്കൻ അറബിക്കടലിലെ അതിതീവ്ര ന്യൂനമർദ്ദത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം.

അടുത്ത ആറ് മണിക്കൂറിൽ ഈ ന്യൂനമർദ്ദം പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച്, ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിക്കുന്ന ഈ ചുഴലിക്കാറ്റ്, അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ഇന്ത്യൻ തീരത്തു നിന്നും അകന്നുമാറും.

ഇതിനിടെ, വടക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ സ്ഥിതി ചെയ്യുന്ന ന്യൂനമർദ്ദം ശക്തി നേടി, തീവ്ര ന്യൂനമർദ്ദമായി മാറിയിരിക്കുകയാണ്. അടുത്ത 36 മണിക്കൂറിൽ, ഈ ന്യൂനമർദ്ദം കൂടുതൽ ശക്തി പ്രാപിച്ച്, കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് കാരണം ആകും.

10 ജില്ലകളിൽ ഓറഞ്ച് അലർട്ട്:

കേരളത്തിൽ ഇന്ന് (ആഗസ്റ്റ് 30) 10 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്.

മഴക്കെടുതികളെ മുൻനിർത്തി, ഇടിമിന്നൽ, ശക്തമായ കാറ്റ്, എന്നിവയ്ക്ക് സാധ്യതയുണ്ടെന്നും, മത്സ്യബന്ധനം പാടില്ലെന്നും കാലാവസ്ഥാ വകുപ്പ് നിർദ്ദേശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *