പ്രണയവിവാഹം; സ്ത്രീധനത്തിന്റെ പേരില്‍ 22കാരിയെ ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്ന് സയനൈഡ് നല്‍കി കൊലപ്പെടുത്തി

ചെന്നൈ: യുവതിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ ഭർത്താവും കുടുംബാംഗങ്ങളും അടക്കം നാലുപേർ അറസ്റ്റിലായി. നീലഗിരി ജില്ലയിലെ ഊട്ടിക്ക് സമീപമുള്ള വണ്ണാരപ്പേട്ടയിലാണ് ഇത് നടന്നത്.

22 വയസുകാരിയായ ആഷിക പർവീണ്‍ ആണ് കൊല്ലപ്പെട്ടത്. ജൂൺ 24നാണ് ആഷികയെ ഭർതൃവീട്ടിൽ വിഷം കഴിച്ച്‌ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ഊട്ടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ ആഷിക മരണം സംഭവിച്ചു.

ആഷികയെ സയനൈഡ് ഉപയോഗിച്ച്‌ കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. സംഭവത്തിൽ ഭർത്താവ് ഇമ്രാൻ ഖാൻ (27), ഭർതൃമാതാവ് യാസ്‌മിൻ (47), ഭർത്തൃസഹോദരൻ മുഖ്‌താർ (23), ബന്ധു ഖാലിബ് (56) എന്നിവരെ ഊട്ടി പൊലീസ് അറസ്റ്റ് ചെയ്തു.

ആഷികയുടെ മരണത്തെ ആത്മഹത്യയായി നടിപ്പിക്കാൻ പ്രതികൾ ശ്രമിച്ചിരുന്നതായി പൊലീസ് അറിയിച്ചു. മകളുടെ മരണത്തിൽ സംശയം തോന്നിയ ആഷികയുടെ കുടുംബം പൊലീസിൽ പരാതി നൽകിയതോടെയാണ് സംഭവത്തിന്റെ സത്യാവസ്ഥ പുറത്തായത്. പൊലീസിന്റെ അന്വേഷണത്തിൽ, ആഷികയെ ക്രൂരമായി മർദ്ദിച്ചതിനുപുറമെ, വിഷം കലർത്തിയ കാപ്പി നൽകി കൊലപ്പെടുത്തിയതായും കണ്ടെത്തി.

ഇമ്രാനും ആഷികയും 2021ൽ പ്രണയവിവാഹം കഴിച്ചിരുന്നു, ഇവർക്ക് രണ്ട് വയസ്സുള്ള ഒരു കുഞ്ഞുമുണ്ട്. വിവാഹശേഷം ഭർത്താവും കുടുംബവും സ്ത്രീധനത്തിനായി ആഷികയെ നിരന്തരം മർദ്ദിക്കുന്നുണ്ടായിരുന്നു. 20 ലക്ഷം രൂപ സ്ത്രീധനം ആവശ്യപ്പെട്ടെങ്കിലും കുടുംബം ഇതു കൊടുക്കാനാവാതെ വന്നതോടെയാണ് ആഷികയെ കൊലപ്പെടുത്താൻ തീരുമാനിച്ചതെന്ന് പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *