ഫ്രാൻസിസ് മാര്‍പാപ്പയുടെ ഏഷ്യാ പസഫിക് യാത്രക്ക് തുടക്കം

ജക്കാർത്ത: ഫ്രാൻസിസ് മാർപാപ്പ ഏഷ്യാ പസഫിക് മേഖലയിൽ 12 ദിവസങ്ങളിലായി നടത്തുന്ന തൻ്റെ ഏറ്റവും ദൈർഘ്യമേറിയ അപ്പസ്തോലിക യാത്രയ്ക്ക് തുടക്കമായി. ഇന്തോനേഷ്യൻ തലസ്ഥാനമായ ജക്കാർത്തയിലാണ് അദ്ദേഹം ആദ്യം എത്തിയത്.

ഈ സന്ദർശനത്തിൽ പാരിസ്ഥിതിക പ്രശ്‌നങ്ങളും മതാന്തര സംവാദത്തിന്റെ പ്രാധാന്യവും ഉയർത്തിക്കാട്ടുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു. മാർപാപ്പ പാപ്പുവ ന്യൂ ഗിനിയ, സിംഗപ്പൂർ, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങളും സന്ദർശിക്കും.

ഡിസംബറിൽ 88 വയസ്സ് തികയാൻ പോകുന്ന, നിരവധി ആരോഗ്യപ്രശ്നങ്ങളുള്ള മാർപാപ്പയ്ക്കിത് വെല്ലുവിളിയേറിയ ഒരു യാത്രയാണ്. 2020ൽ ഷെഡ്യൂൾ ചെയ്തിരുന്ന മാർപാപ്പയുടെ യാത്രയുടെ ചില ഘട്ടങ്ങൾ കോവിഡ് മഹാമാരിയുടെ കാരണത്താൽ മാറ്റിവയ്ക്കപ്പെട്ടിരുന്നു.

“ഞാൻ ഇന്ന് ഏഷ്യയിലെയും ഓഷ്യാനിയയിലെയും വിവിധ രാജ്യങ്ങളിലേക്ക് ഒരു അപ്പസ്തോലിക യാത്ര ആരംഭിക്കുന്നു. ഈ യാത്ര വിജയകരമാകാൻ നിങ്ങളെല്ലാവരും പ്രാർത്ഥിക്കണമെന്നാണ് എന്റെ അഭ്യർത്ഥന,” എന്ന് മാർപാപ്പ തിങ്കളാഴ്ച തൻ്റെ എക്‌സിൽ കുറിച്ചു.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ മുസ്‌ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യ സന്ദർശിക്കുന്ന മൂന്നാമത്തെ മാർപ്പാപ്പ കൂടിയാണ് ഫ്രാൻസിസ് മാർപാപ്പ.

Leave a Reply

Your email address will not be published. Required fields are marked *