തിരുവനന്തപുരം: ട്രെയിനുകള്‍ തമ്മിലുള്ള കൂട്ടിയിടികള്‍ ഒഴിവാക്കാനുള്ള കവച് സുരക്ഷാ സംവിധാനം കേരളത്തിലും നടപ്പാക്കാനുള്ള തയ്യാറെടുപ്പുകള്‍ പുരോഗമിക്കുന്നു. ആദ്യഘട്ടത്തില്‍ 106 കിലോമീറ്റര്‍ വരുന്ന ഷൊര്‍ണ്ണൂര്‍-എറണാകുളം സെക്ഷനില്‍ ഇത് നടപ്പിലാക്കും. 67.77 കോടി രൂപയാണ് കേരളത്തിലെ പദ്ധതി ചെലവ്.
വിവിധ സംസ്ഥാനങ്ങളിലെ 7,228 കിലോമീറ്റര്‍ പാതയില്‍ 2,200 കോടി രൂപ ചെലവില്‍ ഈ വര്‍ഷം പദ്ധതി നടപ്പാക്കാനുള്ള കരാറുകള്‍ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യയിലെ 68,000 കിലോമീറ്റര്‍ ട്രാക്ക് ശൃംഖലയില്‍ 1,465 കിലോമീറ്ററില്‍ ഇതിനകം കവച് സ്ഥാപിച്ചു, 3000 കിലോമീറ്ററില്‍ സംവിധാനം സ്ഥാപിക്കുന്ന ജോലികള്‍ പുരോഗമിക്കുന്നുണ്ട്.
കേരളത്തിന് പുറമെ ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും ഈ പദ്ധതി ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സംവിധാനമായ കവച്, ട്രെയിനുകളുടെ സുരക്ഷയും കാര്യക്ഷമതയും മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം. ഇത് ലോക്കോ പൈലറ്റിനും മൂടല്‍മഞ്ഞ് പോലുള്ള പ്രതികൂല സാഹചര്യങ്ങളില്‍ സഹായകമാകുന്നു, ട്രെയിനുകള്‍ ഓട്ടോമാറ്റിക്കായി നിര്‍ത്താനും അമിത വേഗത നിയന്ത്രിക്കാനും കവചിന് കഴിയും.
