കേരളത്തിലെ നിപ മരണം: അതിര്‍ത്തികളില്‍ കര്‍ശന പരിശന നടത്താന്‍ തമിഴ്‌നാട് സര്‍ക്കാര്‍

തിരുവനന്തപുരം: കേരളത്തിലെ നിപ മരണവുമായി ബന്ധപ്പെട്ട് തമിഴ്നാട് സർക്കാർ അതിർത്തികളിൽ കർശന പരിശോധനയ്ക്ക് ഉത്തരവിട്ടു. കേരളം പങ്കിടുന്ന അതിർത്തി ചെക്‌പോസ്റ്റുകളിലും നിപ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനാണ് തീരുമാനം. നീലഗിരി, കോയമ്പത്തൂർ, തിരുപ്പൂർ, തേനി, തെങ്കാശി, കന്യാകുമാരി എന്നിവിടങ്ങളിലെ അതിർത്തികളിൽ 24 മണിക്കൂറും ആരോഗ്യപ്രവർത്തകരുടെ നിരീക്ഷണത്തിൽ പരിശോധനകൾ നടത്തും.

മലപ്പുറം വണ്ടൂരിൽ നിപ ബാധിച്ച് മരിച്ച 24കാരന്റെ സമ്പർക്കപ്പട്ടികയിൽപ്പെട്ട 13 പേരുടെ സ്രവ പരിശോധന ഫലങ്ങൾ നെഗറ്റീവ് ആയതായി ആരോഗ്യവകുപ്പ് അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ 175 പേരാണ് ഉൾപ്പെടുന്നതും ഇതിൽ 74 പേർ ആരോഗ്യപ്രവർത്തകരാണെന്നുമാണ് റിപ്പോർട്ട്.

പ്രൈമറി സമ്പർക്ക പട്ടികയിൽ 126 പേരും സെക്കണ്ടറി പട്ടികയിൽ 49 പേരുമാണുള്ളത്. പ്രൈമറി പട്ടികയിലെ 104 പേർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്. 10 പേർ ഇപ്പോൾ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

നിപ ജാഗ്രതാ പ്രവർത്തനങ്ങളുടെ ഭാഗമായി മലപ്പുറം ഗവൺമെൻറ് അതിഥി മന്ദിരത്തിൽ കൺട്രോൾ സെൽ ആരംഭിച്ചു. 0483 2732010, 0483 2732060 എന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. മരിച്ച വ്യക്തിയുടെ യാത്രാ വിവരം അടങ്ങിയ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു. റൂട്ട് മാപ്പ് പരിശോധിച്ച ശേഷം സമ്പർക്ക സാധ്യതയുള്ളവർ കൺട്രോൾ സെലുമായി ബന്ധപ്പെടേണ്ടതുണ്ടെന്ന് നിർദേശം നൽകിയിട്ടുണ്ട്.

മരണത്തിനുശേഷം 66 ടീമുകളായി മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള 1928 വീടുകളിൽ ഫീൽഡ് സർവെ നടന്നു വരികയാണ്. മമ്ബാട്, വണ്ടൂർ, തിരുവാലി എന്നിവിടങ്ങളിൽ 49 പനി കേസുകൾ റിപ്പോർട്ട് ചെയ്തതായും, അതിൽ മമ്ബാടിൽ കണ്ടെത്തിയ ഒരു കേസിന് മാത്രമാണ് സമ്പർക്ക പട്ടികയുമായി ബന്ധമുണ്ടെന്നും ജില്ലാ കളക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *