ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിൽ ഉപയോഗിക്കുന്ന നെയ്യില്‍ മൃഗക്കൊഴുപ്പ്, മീനേണ്ണ അടങ്ങിയിരുന്നുവെന്ന വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ ഈ വിഷയത്തില്‍ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ ആന്ധ്രാ പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനോട് ആവശ്യപ്പെട്ടു.
പ്രതിദിനം 50,000 മുതൽ 1 ലക്ഷം വരെ ഭക്തർ സന്ദർശിക്കുന്ന തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ സസ്യേതര വസ്തുക്കളുണ്ടെന്ന ആരോപണം ചന്ദ്രബാബു നായിഡു ഉയർത്തിയിരുന്നു. ലഡു നിർമ്മാണത്തിൽ ഉപയോഗിച്ച നെയ്യ് ഗുജറാത്തിലെ സർക്കാർ ലാബിൽ പരിശോധനയ്ക്ക് അയച്ചതിനെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടാണ് വിവാദത്തിന് തുടക്കം. ജൂലൈയിൽ പുറത്തുവന്ന ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ചന്ദ്രബാബു നായിഡു, വൈഎസ്‌ആർ കോൺഗ്രസിനെതിരെ വലിയ ആരോപണം ഉന്നയിച്ചു.
ജഗൻ മോഹൻ റെഡ്ഡി മുഖ്യമന്ത്രിയായിരുന്ന കാലത്ത്, ലഡുവിന് ഉപയോഗിച്ച നെയ്യിൽ മീനേണ്ണയും മൃഗക്കൊഴുപ്പും ഉണ്ടെന്നായിരുന്നു ചന്ദ്രബാബു നായിഡുവിന്റെ ആരോപണം. മകൻ നര ലോകേഷ് നായിഡുവും, ടിഡിപിയും ഈ ആരോപണത്തെ പിന്തുണച്ചിരുന്നു. ജഗൻ മോഹൻ റെഡ്ഡി സനാതന ധർമ്മത്തെയും ക്ഷേത്രങ്ങളെയും തകർക്കാൻ ശ്രമിച്ചുവെന്ന് ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാണും ആരോപിച്ചു.
ഇതോടൊപ്പം, ബിജെപിയും ജഗൻ മോഹൻ റെഡ്ഡിക്കെതിരെ കടുത്ത വിമർശനം ഉന്നയിച്ചപ്പോൾ, കേന്ദ്രമന്ത്രി സഞ്ജയ് ബണ്ടി ഈ സംഭവത്തെ “പൊറുക്കാനാകാത്ത പാപം” എന്ന് വിശേഷിപ്പിച്ചു. അതേസമയം, ചന്ദ്രബാബു നായിഡുവിന്റെ ആരോപണങ്ങൾ വഴി ക്ഷേത്രത്തിന്റെ പവിത്രത നശിപ്പിക്കപ്പെട്ടുവെന്ന് വൈഎസ്‌ആർ കോൺഗ്രസ് നേതാവും മുൻ തിരുമല തിരുപ്പതി ദേവസ്ഥാനം ചെയർമാനുമായ വൈ.വി. സുബ്ബ റെഡ്ഡി പ്രതികരിച്ചു.
