“ഉണ്ണി മുകുന്ദനെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ‘മാർക്കോ’യുടെ സെക്കൻഡ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. കൈയ്യിൽ മുറിച്ചെടുത്ത തലയുമായി സിഗരറ്റ് വലിച്ച് നിൽക്കുന്ന ഉണ്ണി മുകുന്ദനാണ് പോസ്റ്ററിൽ. ആക്ഷനും വൈലൻസിനും പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിന്റെ സംഘട്ടനങ്ങൾ ഒരുക്കിയത് പ്രശസ്ത ആക്ഷൻ ഡയറക്ടർ കലൈ കിങ്സൺ ആണ്.
ക്യൂബ്സ് എന്റർടെയിൻമെന്റ്സും ഉണ്ണി മുകുന്ദൻ ഫിലിംസും ചേർന്ന് ഷെരീഫ് മുഹമ്മദ് നിർമിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന് ‘കെ.ജിഎഫ്’, ‘സലാർ’ തുടങ്ങിയ വമ്പൻ ചിത്രങ്ങളുടെ സംഗീതസംവിധായകനായ രവി ബസ്രൂർ സംഗീതം പകരുന്നു, കൂടാതെ ഇത് രവി ബസ്രൂരിന്റെ ആദ്യ മലയാള സിനിമയാണ്. അണിയറക്കാർ മലയാളത്തിലെ ഏറ്റവും വയലൻസ് നിറഞ്ഞ ചിത്രമെന്ന് വിശേഷിപ്പിച്ച ‘മാർക്കോ’യുടെ പോസ്റ്ററിലും ആ വൈലൻസിന്റെ ഭാവം കാണാം.
ഉണ്ണി മുകുന്ദനൊപ്പം സിദ്ദീഖ്, ജഗദീഷ്, ആൻസൻ പോൾ, ‘ടർബോ’ ഫെയിം കബീർ ദുഹാൻസിംഗ്, അഭിമന്യു തിലകൻ, യുക്തി തരേജ തുടങ്ങിയവരും ഈ ചിത്രത്തിൽ അഭിനയിക്കുന്നു. നായികയും മറ്റ് പ്രധാന കഥാപാത്രങ്ങളും ബോളിവുഡ് താരങ്ങൾ അവതരിപ്പിക്കുമെന്നത് ചിത്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.”
