മോട്ടോർ വാഹന വകുപ്പ്, കാറിലും ഇരുചക്രവാഹനങ്ങളിലും യാത്ര ചെയ്യുന്ന കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ കടുത്ത നടപടികൾ കൈക്കൊള്ളാനൊരുങ്ങുന്നു.
കാറിന്റെ പിന്‍സീറ്റില്‍ കുട്ടികൾക്ക് സുരക്ഷ ഉറപ്പാക്കാനായി പ്രത്യേക ഇരിപ്പിടവും, നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് ധരിക്കുന്നതും നിര്‍ബന്ധമാക്കാനാണ് തീരുമാനം.
നാലു വയസ്സിൽ താഴെയുള്ള കുട്ടികൾക്കായി, പിന്‍സീറ്റിൽ പ്രായത്തിന് അനുയോജ്യമായ, ബെൽറ്റ് ഉൾപ്പെടുന്ന ചൈൽഡ് റിസ്ട്രെയ്ന്റ് സിസ്റ്റം ഉപയോഗിച്ചിരിക്കണം. നാല് മുതൽ 14 വയസ്സ് വരെയുള്ള, 135 സെ. മീറ്ററിൽ താഴെയുള്ള കുട്ടികൾ ചൈൽഡ് ബൂസ്റ്റർ കുഷണിൽ ബസിയിട്ടു സീറ്റ്ബെൽറ്റ് ധരിച്ചിരിക്കണം. ഈ സുരക്ഷാ സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഡ്രൈവർ ഉറപ്പാക്കണം.
ഇരുചക്രവാഹനങ്ങളിൽ നാല് വയസ്സിന് മുകളിലുള്ള കുട്ടികൾക്കു ഹെൽമെറ്റ് ധരിക്കുന്നത് നിര്‍ബന്ധമാണ്. മാതാപിതാക്കളോടൊപ്പം സഞ്ചരിക്കുന്ന കുട്ടികളെ സുരക്ഷിതമായി പിടിച്ചുവയ്ക്കാൻ, പ്രത്യേക സുരക്ഷാ ബെൽറ്റ് ഉപയോഗിക്കുന്നതും നല്ലതാണെന്ന് അധികൃതർ നിർദ്ദേശിക്കുന്നു.
മാതാപിതാക്കൾക്കൊപ്പം സഞ്ചരിക്കുമ്പോൾ കുട്ടികൾ ഉറങ്ങാൻ സാധ്യതയുണ്ടായതിനാലാണ് ഈ നിർദേശം. അപകടങ്ങൾ ഉണ്ടാകുന്ന പക്ഷം, ഡ്രൈവർക്ക് ഉത്തരവാദിത്തം ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. നവംബറോടെ മുന്നറിയിപ്പ് നല്‍കി, ഡിസംബറില്‍ പിഴ ഈടാക്കുന്ന രീതിയിലാണ് നിയമം നടപ്പാക്കാനുള്ള പദ്ധതിയെന്ന് അധികൃതർ വ്യക്തമാക്കി.
