‘മില്‍ട്ടണ്‍’ എന്ന ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചുവരുന്നതോടെ, അമേരിക്കയിലെ ഫ്‌ലോറിഡ സംസ്ഥാനത്ത് വീണ്ടും ചുഴലിക്കാറ്റിന്റെ ഭീതിയിലായിരിക്കുകയാണ്. കാറ്റഗറി 5 എന്ന പ്രഹരശേഷിയോടെ ‘മില്‍ട്ടണ്‍’ പ്രാദേശിക സമയം ബുധനാഴ്ച രാത്രി ഫ്‌ലോറിഡയുടെ പശ്ചിമ തീരത്ത് താണ്ടിയേക്കുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
മില്‍ട്ടണിന്റെ വരവിനോടനുബന്ധിച്ച് വലിയ മുന്നൊരുക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. സുരക്ഷയുടെ ഭാഗമായി ഫ്‌ലോറിഡയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്, ഒപ്പം ആയിരക്കണക്കിനാളുകള്‍ വീടുകള്‍ ഒഴിഞ്ഞ് പോകുകയും ചെയ്തിട്ടുണ്ട്. 2005-ലെ റീത്ത ചുഴലിക്കാറ്റിനുശേഷം, ഏറ്റവും ശക്തമായ കൊടുങ്കാറ്റായിരിക്കും ‘മില്‍ട്ടണ്‍’ എന്നാണ് വിലയിരുത്തല്‍.
ഫ്‌ലോറിഡ ഗവര്‍ണര്‍ റോണ്‍ ഡി സാന്റിസ് ജനങ്ങളോട് വീടുകളില്‍ നിന്ന് ഒഴിഞ്ഞുപോകാന്‍ നിര്‍ദേശിച്ചു. ടാമ്പ, ക്ലിയര്‍വാട്ടര്‍ എയര്‍പോര്‍ട്ടുകള്‍ അടച്ചിടുന്നതിനും തീരുമാനമെടുത്തിട്ടുണ്ട്. ‘ഹെലീന്‍’ എന്ന ചുഴലിക്കാറ്റ് ഫ്‌ലോറിഡയില്‍ കനത്ത നാശം വിതച്ചതിനു പിന്നാലെ, ‘മില്‍ട്ടണിന്റെ’ വരവും വലിയ ആശങ്ക ഉണ്ടാക്കുകയാണ്. ‘ഹെലീന്‍’ ചുഴലിക്കാറ്റ് 160ലധികം ആളുകളുടെ ജീവന്‍ എടുത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
